വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

2023 ലെ സംസ്ഥാന മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സംപ്രേഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റര്‍, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോര്‍ട്ടുകള്‍ക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിങ് അവാര്‍ഡ് നല്‍കുന്നത്.
വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്, ജനറല്‍ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ അസ്സല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയക്കണം.  വാര്‍ത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയക്കേണ്ടതാണ്.
ടിവി വാര്‍ത്താ റിപ്പോര്‍ട്ടില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.
പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തീയതി, മാധ്യമ പ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ക്കണം.  ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത്  മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വെക്കണം.
എന്‍ട്രികള്‍ ജൂലൈ 17 നകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖ www.prd.kerala.gov.in ല്‍ ലഭിക്കും.

അധ്യാപക ഒഴിവ്

കണ്ണൂര്‍ ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി സീനിയര്‍ സോഷേ്യാളജി തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

സീറ്റ് ഒഴിവ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഐടിസി ആന്റ് എസ് ആര്‍ – ന്റെ കീഴില്‍ അവധി ദിവസങ്ങളില്‍ നടക്കുന്ന സോളാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ 9495241299, 9497349095, 9446680061 നമ്പറുകളില്‍ ബന്ധപ്പെടുക.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യസ  അവാര്‍ഡിന്  അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച്  2024 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ 75 ശതമാനവും പ്ലസ്ടു/ വിഎച്ച് എസ് ഇ പരീക്ഷയില്‍ 85 ശതമാനവും മാര്‍ക്ക് നേടി ആദ്യ അവസരം തന്നെ വിജയിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം.  എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക്  എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ 70 ശതമാനവും പ്ലസ്ടു/ വിഎച്ച് എസ് ഇ പരീക്ഷയില്‍ 80 ശതമാനവും മാര്‍ക്ക് മതി.  ജൂലൈ 31 വരെ ജില്ലാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷാ ഫോറം www.agriworkersfund.org ല്‍ ലഭിക്കും.  ഫോണ്‍: 0497 2712549.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 3ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  ജില്ലയില്‍ നിന്നുള്ള പുതിയ പരാതികളും സ്വീകരിക്കും.

ക്ഷേമനിധി കുടിശ്ശിക; തീയതി നീട്ടി

കേരള ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി സപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംശദായ കുടിശ്ശിക വരുത്തിയിട്ടുള്ള മുഴുവന്‍ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചു.  ഫോണ്‍: 0497 2705197.

ഐ ടി ഐ പ്രവേശനം; തീയതി നീട്ടി

കണ്ണൂര്‍ ഗവ. വനിത ഐ  ടി ഐയില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍ സി വി ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി.  അപേക്ഷ https://itiadmissions.kerala.gov.in  എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in  എന്ന വെബ്‌സൈറ്റിലുള്ള ലിങ്കക് വഴിയും  അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ ജൂലൈ 10നകം വെരിഫിക്കേഷനായി തൊട്ടടുത്തുള്ള ഐ ടി ഐയില്‍ ഹാജരാക്കണം.  ഫോണ്‍: 0497 2835987, 9446677256.

താല്‍ക്കാലിക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം  ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: (ഓട്ടോമൊബൈല്‍).  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 9400006495, 0497 2871789.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

തലശ്ശേരി, തളിപറമ്പ റവന്യൂ  ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍  ഒരു വര്‍ഷകാലയളവിലേക്ക്  ഉദ്യോഗാര്‍ഥികളെ  നിയമിക്കുന്നു.  പ്രായം: 18-35.
അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിങ്ങില്‍  സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്,   മലയാളം, ഇംഗ്ലീഷ് ടൈപ്പ്  റൈറ്റിങ്്, എം എസ് ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക്  മുന്‍ഗണന, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവൃത്തി പരിചയം അികാമ്യം.
ഇന്റര്‍വ്യൂവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ജൂലൈ 10ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ  കാര്യാലയത്തില്‍ നടക്കും.  മലയാളം ടൈപ്പിങ് പ്രായോഗിക പരിശോധനയും ഉണ്ടാകും.  തുടര്‍ന്ന് അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന  വാക് ഇന്‍  ഇന്റര്‍വ്യൂവിന് തിരിച്ചറിയല്‍ രേഖ, ആധാര്‍, പാസ് പോര്‍ട്ട് സൈസ്  ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി നേരിട്ട് ഹാജരാകണം.

സീറ്റ് ഒഴിവ്

തോട്ടട ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് (എന്‍ എസ് ക്യു എഫ്) ബാച്ചില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി  ജൂലൈ രണ്ട് മുതല്‍ നാല്  വരെ അപേക്ഷിക്കാം.  ഫോണ്‍: 9447647340, 9447319053.

ഐ എല്‍ ഡി എമ്മില്‍ യങ് പ്രൊഫഷണല്‍ നിയമനം

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ്് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എല്‍ ഡി എമ്മിലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി എം സെന്ററിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നത്.  ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  പ്രവൃത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി ബയോഡാറ്റ സാഹിതം ജൂലൈ ആറ് വരെ അപേക്ഷിക്കാം.  ഫോണ്‍: 8547670005.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ്  നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 വിവിധ ഘടക പദ്ധതികളായ പെന്‍ കള്‍ച്ചര്‍ എമ്പാങ്ക്‌മെന്റ് മത്സ്യകൃഷി, തിലാപ്പിയ സെമിഇന്റന്‍സീവ്, വരാല്‍ സെമി ഇന്റന്‍സീവ്, പാക്കു സെമിഇന്റന്‍സീവ്, അനാബസ് /തദ്ദേശീയ കാറ്റ് ഫിഷ് സെമിഇന്റന്‍സീവ്, കാര്‍പ്പ്മത്സ്യകൃഷി, പടുതകുളങ്ങളിലെ വരാല്‍ മത്സ്യകൃഷി, പടുതകുളങ്ങളിലെ വാള മത്സ്യകൃഷി,  പടുതകുളങ്ങളിലെ അനാബസ്/തദ്ദേശീയ കാറ്റ് ഫിഷ് മത്സ്യകൃഷി, തിലാപ്പിയ മത്സ്യകൃഷി, അനാബസ്/തദ്ദേശീയ കാറ്റ് ഫിഷ് മത്സ്യകൃഷി, ബയോഫ്‌ളോക്ക് തിലാപ്പിയ മത്സ്യകൃഷി, ബയോഫ്‌ളോക്ക് വനാമി മത്സ്യകൃഷി, തിലാപ്പിയ കൂട്കൃഷി, കരിമീന്‍ കൂട്കൃഷി, കടല്‍ മത്സ്യങ്ങളുടെ കൂട്കൃഷി, കല്ലുമ്മക്കായ കൃഷി, കുളങ്ങളിലെ പൂമീന്‍ കൃഷി, കുളങ്ങളിലെ കരിമീന്‍ കൃഷി, കുളങ്ങളിലെ ചെമ്മീന്‍ കൃഷി, കുളങ്ങളിലെ വനാമി ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ്, പിന്നാമ്പുറ വരാല്‍ വിത്തുല്പാദനയൂണിറ്റ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ നിശ്ചിതമാതൃകയിലുള്ള അപേക്ഷ തലശ്ശേരി/കണ്ണൂര്‍/മാടായി/അഴീക്കോട് എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ അനുബന്ധരേഖകകള്‍ സഹിതം 15ന് വൈകിട്ട് നാല് മണിവരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497-2732340.

താല്‍ക്കാലിക നിയമനം

ജില്ലാ പഞ്ചായത്തിന്റെ തെരുവ് നായ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ ഡോഗ് ക്യാച്ചര്‍/ ഡോഗ് ഹാന്റ്‌ലര്‍ സേവനം ലഭ്യമാക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.  പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും പകര്‍പ്പും സഹിതം ജൂലൈ നാലിന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍: 0497 2700267.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ യുവതിയുവാക്കള്‍ക്കുള്ള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായ വെയര്‍ ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത: എസ് എസ് എല്‍ സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0490 2321888, 8075765410.

ക്വട്ടേഷന്‍

പെരിങ്ങോം ഗവ.കോളേജിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ അഞ്ചിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പെരിങ്ങോം ഗവ.കോളേജിലേക്ക് വാട്ടര്‍ ടാങ്ക് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ എട്ടിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 04985 295440, 9188900211.

ലേലം

കോടതി കുടിശ്ശിക ഈടക്കുന്നതിനായി ജപ്തി ചെയ്ത തളിപ്പറമ്പ് താലൂക്ക് ചേലേരി വില്ലേജ് കരയാപ്പ് ദേശത്ത് റീ സ 33/151 ല്‍ പെട്ട 0.0121 ഹെക്ടര്‍ വസ്തു ആഗസ്റ്റ് ഒന്നിന് രാവിലെ 11.30ന് ചേലേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ്, ചേലേരി വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

ദര്‍ഘാസ്

ജില്ലാ സാമൂഹ്യനീതി ഓഫീസ് ആവശ്യത്തിലേക്കായി ടാക്‌സി പെര്‍മിറ്റുള്ള എ സി കാര്‍ വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.  ജൂലൈ എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

About The Author