ഇരിട്ടി എടൂർ- പാലത്തിന് കടവ് റോഡിലെ സംരക്ഷണ ഭിത്തി തകർന്നു

റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തി നടക്കുന്ന എടൂർ- പാലത്തിന് കടവ് റോഡിൽ അനുബന്ധ പ്രവർത്തിയായി 2 കോടി ചിലവിൽ നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്നു. പാലത്തിൻകടവ് മീൻകുണ്ട് ഭാഗത്തു നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് കനത്തമഴയിൽ അപകടാവസ്ഥയിലായത്. പന്ത്രണ്ട് മീറ്ററോളം ഉയരത്തിൽ നിർമ്മിച്ച ഗ്യാബിയോൺ ഭിത്തിക്കുമുകളിൽ 20 മീറ്ററിലേറെ ഉയത്തിൽ നിർമ്മിച്ച മൺതിട്ടയിൽ ടാറിങ്ങിനോട് ചേർന്ന് വൻ വിള്ളൽ രൂപപ്പെടുകയും കോൺക്രീറ്റ് പൊട്ടുകയും ചെയ്തു. ഇത് ഏത് നിമിഷവും പുഴയിലേക്ക് ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. വിള്ളലിലൂടെ മഴവെള്ളമിറങ്ങിയുണ്ടാകുന്ന അപകടം തടയാൻ കരാറുകാർ പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ട് മൂടി പ്രതിരോധം തീർത്തിരിക്കയാണ്. വാഹനങ്ങൾക്ക് മുന്നറിയിപ്പുമായി കരാറുകാർ റിബൺ കെട്ടി അപകട മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംരക്ഷണ ഭിത്തിക്കൊപ്പം റോഡും പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നതോടെ നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന പാലത്തിൻ കടവ് ഗ്രാമം ഒറ്റപ്പെടുകയും ചെയ്യും.

രണ്ട് വർഷം മുൻപാണ് 128.43 കോടി രൂപ ചിലവിൽ കെഎസ്‌ടിപിയുടെ നേതൃത്വത്തിൽ റീബിൽഡ് കേരളയിൽ പെടുത്തി എടൂർ – കമ്പിനിനിരത്ത് – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – വളവുപാറ കച്ചേരിക്കടവ് – പാലത്തുംകടവ് 24.5 കിലോമീറ്റർ റോഡ് പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ചത്. എന്നാൽ 2018 ലെ പ്രളയത്തിൽ അൻപത് മീറ്ററോളം നീളത്തിലും അറുപതടിയോളം താഴ്ചയിലും ബാരാപ്പോൾ പുഴയിലേക്ക് ഇടിഞ്ഞു താണ മീൻകുണ്ടിലെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവർത്തി ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് 7 മാസം മുൻപ് ഈ റോഡിൽ മറ്റ് സ്ഥലങ്ങളിലും സംരക്ഷണ ഭിത്തി പണിയുന്നതിന് അനുവദിച്ച അനുബന്ധ പ്രവൃത്തികൾക്കൊപ്പം മീൻകുണ്ടും പരിഗണിക്കപ്പെടുകയായിരുന്നു. മീൻകുണ്ടിൽ തകർന്ന സംരക്ഷണ ഭിത്തിക്ക് സമീപത്തെ ടാറിങ്ങിനോടു ചേർന്നുള്ള കോൺക്രീറ്റ് ഉപരിതലവും അടിവശത്തുള്ള മണ്ണിളകിപ്പോയി ഏതു നേരവും പുഴയിലേക്ക് തകർന്നു വീഴുന്ന നിലയിലാണ്.

പുഴയുടെ അടിത്തട്ടിൽ കോൺക്രീറ്റ് അടിത്തറക്കു മുകളിലായി പ്രത്യേക ഇരുമ്പ് നെറ്റിനുള്ളിൽ കരിങ്കല്ലുകൾ അടുക്കിയാണ് സംരക്ഷണ ഭിത്തിയുടെ നിർമാണം നടത്തിയത്. മൺതിട്ടയിൽ നെയ്‌ലിങ് നടത്തി ബലപ്പെടുത്തുന്ന പ്രവൃത്തി ഇനിയും നടത്താനുണ്ട്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്‌ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താന്നി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി കോട്ടയിൽ, അയ്യൻകുന്ന് വില്ലേജ് ഓഫിസർ കെ.ജിജു, വിൽസൺ കുറുപ്പംപറമ്പിൽ എന്നിവർ സ്‌ഥലം സന്ദർശിച്ചു.

About The Author