ലോകോത്തര സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര വിമാനത്താവളം; പ്രഖ്യാപനവുമായി സ്റ്റാലിന്‍

തമിഴ്നാട്ടില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹൊസൂരില്‍ 2000 ഏക്കറിലാണ് വിമാനത്താവളം വരുന്നത്. പ്രതിവര്‍ഷം മൂന്നു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതായിരിക്കും പുതിയ എയര്‍പോര്‍ട്ട്.

ഹൊസൂരിലും പരിസരത്തും നിരവധി നിര്‍മാണ, വ്യാവസായിക യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും കൂടുതല്‍ ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ”ഹൊസൂരിലെ പുതിയ വിമാനത്താവളത്തിൻ്റെ പ്രഖ്യാപനം ഈ മേഖലയുടെ ഒരു വലിയ മുന്നേറ്റമാണ്.ഈ പദ്ധതി കണക്ടിവിറ്റി വളരെയധികം വർധിപ്പിക്കുകയും സാമ്ബത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് ഹൊസൂരിന് മാത്രമല്ല, ധർമ്മപുരി, സേലം തുടങ്ങിയ അയല്‍ജില്ലകള്‍ക്കും പ്രയോജനം ചെയ്യും. കൂടാതെ ബെംഗളൂരുവിൻ്റെ വിവിധ ഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യും” തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജ പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഹൊസൂര്‍ സ്ഥിതി ചെയ്യുന്നത്.

നിര്‍ദ്ദിഷ്ട വിമാനത്താവളം വരുന്ന ഹൊസൂര്‍ ചെന്നൈ, തിരുവള്ളൂർ, ശ്രീപെരുമ്പത്തൂർ,കോയമ്പത്തൂർ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രമുഖ ബിസിനസ്സ് ഹബ്ബുകള്‍ക്കും വ്യവസായ ക്ലസ്റ്ററുകള്‍ക്കും സമീപമാണ്. ഓട്ടോ, ഇവി നിർമ്മാണം,ലോജിസ്റ്റിക്‌സ്, ഇലക്‌ട്രോണിക്‌സ് എന്നിവയുടെ പ്രധാന കേന്ദ്രമാണ് ഈ പ്രദേശം. ഐടി ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ് ഹൊസൂര്‍. തമിഴ്നാട്ടിലെ വ്യവസായങ്ങളുടെ നാട് എന്നാണ് ഹൊസൂർ അറിയപ്പെടുന്നത്. വാഹന വ്യവസായത്തിനു പുറമേ ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികള്‍ക്കെല്ലാം ഇവിടെ വ്യവസായ ശാഖകളുണ്ട്. പ്രധാന വ്യാവസായിക-സാമ്ബത്തിക കേന്ദ്രമെന്ന നിലയില്‍ ഹൊസൂരിൻ്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകർഷിക്കാനും വിമാനത്താവളം സഹായിക്കുമെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർപേഴ്‌സണ്‍ ജെ. ജയരഞ്ജൻ പറഞ്ഞു.

ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര എന്നിങ്ങനെ തമിഴ്നാട്ടില്‍ ആകെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത്.അഞ്ചാമത്തേതാണ് ഹൊസൂരിലേത്. സേലം, തൂത്തുക്കുടി, പുതുച്ചേരി എന്നിവിടങ്ങളിലാണ് മൂന്ന് ആഭ്യന്തര വിമാനത്താവളങ്ങള്‍. ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കര്‍ണാടക ആരംഭിക്കാനിരിക്കെയാണ് തമിഴ്നാടിന്‍റെ പ്രഖ്യാപനം.

About The Author

You may have missed