നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് കുമാര്‍ എന്നിവരെയാണ് പട്‌നയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്ന് പത്തുപേരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹസാരിബാഗില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സംശയിക്കുന്ന സ്‌കൂളിലെ ജീവനക്കാരെയാണ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

രണ്ട് ഡസനോളം വരുന്ന വിദ്യാര്‍ത്ഥികളെ മനീഷ് കുമാര്‍ ഒഴിഞ്ഞ സ്‌കൂളിലേക്ക് തന്റെ കാറിലെത്തിച്ച് ചോദ്യപേപ്പര്‍ നല്‍കിയെന്നാണ് സിബിഐ സംഘം കണ്ടെത്തിയത്. അശുതോഷാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയത്. ഇന്ന് രണ്ടുപേരെയും രാവിലെ മുതല്‍ സിബിഐ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാര്‍, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് തനിക്കും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ ചോദ്യപേപ്പര്‍ ലഭിച്ചതായി പൊലീസ് കസ്റ്റഡിയിലെടുത്ത ഒരു വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.

About The Author

You may have missed