കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. 23 ഇടങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുമെന്ന് ഗണേഷ് കുമാര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഒന്നാകും കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് നല്ല കാര്യമാണ്. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാകും ഈടാക്കുക. ഹെവി വാഹന ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാകും ഫീസ്. ഇരുചക്രവാഹനത്തിന് 3500 രൂപ. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസ് വീണ്ടും കുറയും. ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം അനുസരിച്ചാകും പരിശീലനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാകും ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. ലേണേഴ്‌സ് ടെസ്റ്റിനു മുമ്പ് മോക്ക് ടെസ്റ്റ് നടത്തും. ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചത് കൊണ്ടാണ് കെഎസ്ആര്‍ടിസി സ്വന്തം നിലയ്ക്ക് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. എളുപ്പ വഴികള്‍ സ്വീകരിക്കുന്നത് നിര്‍ത്തണം. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരിക്കും ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തുക. കോടതി പഴയപോലെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് പറഞ്ഞാല്‍ അതിലേക്കു തന്നെ മടങ്ങും. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വട്ടം പിടിക്കുന്നത് ശരിയല്ല. എന്തിനും സമരം ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

About The Author