പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നടക്കുന്നത് വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്ന് വി ശിവൻകുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെന്നത് തെറ്റായ പ്രചാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നടക്കുന്നത് വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്നും പുതിയ കണക്കുകൾ നിരത്തി മന്ത്രി ആരോപിച്ചു.

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പുതിയ കണക്കുമായി വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തിയത്. സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറത്ത് ഇതുവരെ 49,906 പ്ലസ് വൺ സീറ്റുകളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും, പതിനായിരത്തോളം പേർ അലോട്ട്മെൻറ് കിട്ടിയിട്ടും പ്രവേശനം നേടിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. 14037 പേർ മാത്രമാണ് മലപ്പുറത്ത് ഇനി അഡ്മിഷൻ കിട്ടാനുള്ളത്. സർക്കാർ സ്കൂളിൽ മാത്രം രണ്ടായിരം സിറ്റുകളുടെ കുറവ് മാത്രമേ ഉള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്ത് ഇന്നും സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് എംഎസ്എഫ് പ്രവർത്തകർ വിദ്യാഭ്യാസ ഡയറക്ട്റലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ഡയറക്ടറുടെ ഓഫീസ് മുറി പൂട്ടിയിട്ടു. കാസർകോടും വയനാടും കളക്ട്രേറ്റിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമായി. അതേസമയം ആദ്യ മൂന്ന് അലോട്ട്മെൻറുകൾ പൂർത്തിയാക്കി പ്രവേശനം നേടിയ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും.

About The Author