ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ്ടി കോടതിയാണ് ജാമ്യം നല്‍കിയത്. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സംഭവ ശേഷവും സമാനമായ പ്രതികരണം സത്യഭാമ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. പ്രതി അധ്യാപിക ആയിരുന്നു. മകനെ പോലെ സംരക്ഷിക്കേണ്ട ആളായിരുന്നു. സത്യഭാമയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യം ആണെന്ന് വാദിച്ച പ്രോസിക്യൂഷന്‍, വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

അഞ്ചു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും വാദിഭാഗത്തിന് വേണ്ടി അഡ്വ. ബി.എ ആളൂര്‍ വാദിച്ചു. വിവാദ പരാമര്‍ശം കാരണം ജീവിതത്തില്‍ പല വിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. തന്റെ വിദ്യാര്‍ത്ഥികളായ കറുത്ത കുട്ടികള്‍ എല്ലാം നഷ്ടമായി. ആര്‍.എല്‍.വി രാമകൃഷ്ണന്റെ പേര് മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. മനഃപൂര്‍വം അധിക്ഷേപ ശ്രമം നടത്തിയിട്ടില്ലെന്നും സത്യഭാമ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ്സി എസ്ടി വിഭാഗത്തില്‍ ഉണ്ട്. കറുത്ത കുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ്എസ്ടി വകുപ്പിന്റെ പരിധിയില്‍ വരുമെന്നും ബി എ ആളൂര്‍ ചോദിച്ചു.

About The Author