വിശ്വാസം നഷ്ടപ്പെട്ടു: ഒരു നാടിനെയാകെ കണ്ണീർക്കടലിലാക്കി വിശ്വാസ് വിടപറഞ്ഞു

വിശ്വാസിനു നാടിന്റെ യാത്രാമൊഴി,വൻ ജനാവലിയാണ് അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലെത്തിയത്. വൈകീട്ട് 6 മണിയോടെയാണ് ധർമ്മടം കോർണേഷൻ സ്കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്ണൻ്റെ മൃതദേഹം വീട്ടിലെത്തിച്ചത്. അതിനു മുൻപ് തന്നെ പ്രദേശം മുഴുവൻ ആൾക്കാർ നിറഞ്ഞിരുന്നു.പിന്നീട് ധർമ്മടത്തുകാർ നിറകണ്ണുകളോടെ കാത്തിരുന്നത് പ്രിയപ്പെട്ടവന്റെ വരവിനായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് ധർമ്മടത്തുകാരൻ വാഴയില്‍ വീട്ടില്‍ വിശ്വാസ് കൃഷ്ണ എട്ട് മാസം മുൻപ് വിമാനം കയറിയത്. കുവൈറ്റിലെ മംഗെഫില്‍ ഡ്രാഫ്റ്റ്സ് മാനായിട്ടായിരുന്നു സ്വകാര്യ കമ്പനിയിൽ ജോലിക്കെത്തിയത്. നാട്ടിലെന്നപോലെ തൊഴിലിടത്തിലും താമസ സ്ഥലത്തുമെല്ലാം വിശ്വാസ് പ്രിയപ്പെട്ടവനായിരുന്നു. അപകടത്തിന് തലേ ദിവസം പതിവ് പോലെ ഭാര്യയെ ഫോണില്‍ വിളിച്ച്‌ ഏറെ സംസാരിച്ചിരുന്നു. എന്നും ഫോണിൽ ഏറെ നേരം കുടുംബങ്ങളോട് വിശ്വാസ് സംസാരിക്കാറുണ്ടായിരുന്നു.

വാർത്തകളിൽ തീപ്പിടുത്തം അറിഞ്ഞത് മുതൽ വീട് മൂകമായി. വിശ്വാസ് ദുരന്തത്തിനിരയായെന്നത് നാട്ടുകാർക്ക് വിശ്വസിക്കാൻ പോലുമാവുമായിരുന്നില്ല. ടി.വി.യില്‍ ദുരന്ത വാർത്ത കാണുമ്പോഴും അതില്‍ വിശ്വാസ് ഉണ്ടാകരുതെന്ന പ്രാർത്ഥനയായിരുന്നു ഏവർക്കും. കുവൈത്തില്‍ നിന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം നാട്ടിലറിഞ്ഞത്. നേരത്തെ ബാംഗ്ളൂരില്‍ വർഷങ്ങളോളം ജോലി ചെയ്തിരുന്ന വിശ്വാസ് പ്രവാസിയായിരുന്ന പിതാവ് കൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. അച്ഛൻ മരിച്ചതിന് ശേഷവും നാട്ടില്‍ തന്നെയായി. പിന്നീട് ഗള്‍ഫില്‍ ജോലി തരപ്പെട്ടതിന് ശേഷമാണ് ഏറെ പ്രതീക്ഷകളോടെ നാടുവിട്ടത്. പഠന കാലത്തു തന്നെ ഫുട്ബാള്‍, വോളി, ക്രിക്കറ്റ് എന്നിവയിലെല്ലാം മികവ് തെളിയിച്ചിരുന്നു ഈ ചെറുപ്പക്കാരൻ.നാട്ടില്‍ ഏത് ചടങ്ങുകളിലും വിശ്വാസ് നിറഞ്ഞ് നില്‍ക്കുമായിരുന്നു. വലിയ ഒരു സുഹൃത് വലയം തന്നെ വിശ്വാസിനുണ്ടായിരുന്നു. അണ്ടല്ലൂർ ഉത്സവക്കാലത്തും വിശ്വാസ് സജീവ സാന്നിധ്യമായിരുന്നു. നാട്ടിലെ ഏത് കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്റെ മരണം ഒരു ദേശത്തെയാകെ കണ്ണീരിലാഴ്ത്തി. കൊടുവള്ളി നിട്ടുർ പോസ്റ്റാഫീസിലെ ജീവനക്കാരിയായ പൂജയാണ് ഭാര്യ. പൂജയും, മകൻ മൂന്ന് വയസുകാരനായ ദൈവികും, അമ്മ ഹേമലതയും അന്തിമോപചാരമർപ്പിച്ചത് നൊമ്പരക്കാഴ്ചയായി.

ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ബന്ധുക്കളും, നാട്ടുകാരും. ദുഃഖം താങ്ങാനാവാതെ പിന്നീട് ഇരുവരും കുഴഞ്ഞു വീണു.
നാട്ടുകാരും, പൗരപ്രമുഖരും അന്തിമോപചാരം അർപ്പിക്കാൻ വീട്ടിൽ എത്തിയിരുന്നു.
കെ.സുധാകരന്‍ എം.പി, എംഎൽഎമാരായ കെ.കെ ശൈലജ , കെ.പി മോഹനന്‍,
ജില്ലാകലക്ടര്‍ അരുണ്‍ കെ. വിജയന്‍, തലശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, കണ്ണൂർ എ.എസ്.പി അജിത് കുമാർ, മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി, സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, പി.കെ കൃഷ്ണദാസ്, വത്സൻ തില്ലങ്കേരി, വി.എ നാരായണന്‍, സജീവ് മാറോളി, എം.പി അരവിന്ദാക്ഷന്‍, കെ.രഞ്ജിത്ത്, ബിജു എളക്കുഴി, സി.എന്‍ ചന്ദ്രന്‍, സി.പി മുരളി, എം.സുരേന്ദ്രന്‍, സി.പി മുരളി, കെ.ശശിധരന്‍, മമ്പറം ദിവകാരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

About The Author