ധർമശാലയിൽനിന്ന്‌ ചെറുകുന്ന് ഭാഗത്തേക്ക് അടിപ്പാതയില്ല: ജൂലായ് ഒന്നുമുതൽ ബസ് സർവീസ് നിർത്തും

ധർമശാലയിൽനിന്ന് കണ്ണൂർ സർവകലാശാല-ചെറുകുന്ന് റോഡിലേക്ക് ബസുകൾക്ക് കടക്കാൻ അടിപ്പാതയില്ലാത്തതിൽ പ്രതിഷേധിച്ച് ഓട്ടം നിർത്താൻ തീരുമാനിച്ച് ബസുകൾ. ജൂലായ് ഒന്നുമുതൽ സർവീസ് നിർത്തിവെക്കാനാണ് തീരുമാനം. വലിയ വാഹനങ്ങൾക്ക് കടക്കാൻ സൗകര്യമുള്ള അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികൾ നിരന്തരം സമരം ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാകാത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനത്തിലേക്ക് കടന്നത്.

23 ബസുകൾ ചെറുകുന്ന് അഞ്ചാംപീടിക റൂട്ടിൽ ധർമശാല വഴി സർവീസ്‌ നടത്തുന്നുണ്ട്. ഓരോ ബസിനും നാലോളം ട്രിപ്പുകളുമുണ്ട്. പരിഹാരം ആവശ്യപ്പെട്ട് എം.എൽ.എ., എം.പി., ദേശീയപാതാ വിഭാഗം ഓഫീസ് തുടങ്ങിയവർക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സമയനഷ്ടവും ഇന്ധനച്ചെലവ് വർധിക്കുന്നതും കാരണം സർവീസ് നഷ്ടത്തിലാകുകയും ഈ രീതിയിൽ തുടർന്നാൽ സർവീസ് നടത്താൻ പറ്റാത്ത സാഹചര്യവുമാകുമെന്ന് ബസ് ഉടമകൾ പറയുന്നു.

ബസ് ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ തളിപ്പറമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ ഓണേഴ്സ് പ്രതിനിധികളായി പ്രസിഡന്റ് കെ.വിജയൻ, സെക്രട്ടറി പ്രശാന്ത് പട്ടുവം, തൊഴിലാളികളെ പ്രതിനിധീകരിച്ച് ഐ.എൻ.ടി.യു.സി.വിൽ നിന്ന് പദ്‌മനാഭൻ, സി.ഐ.ടി.യു.വിൽനിന്ന് കെ.വി.രാജൻ, ബി.എം.എസിൽനിന്ന് മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

About The Author