ബി എസ് എൻ എൽ കേബിൾ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ

ഇരിക്കൂർ  ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ച്‌ വില്‍ക്കുന്ന മൂന്നംഗ സംഘത്തെ ഉളിക്കല്‍ എസ്.എച്ച്‌.ഒ ഇൻസ്പെക്ടർ സി.ആര്‍. അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ വി.കെ. റസാഖ് അറസ്റ്റുചെയ്തു. അസം സ്വദേശികളായ റാസിഖ് അലി (40), റിജൗള്‍ ഇസ്‌ലാം (38), അമീര്‍ അലി (28) എന്നിവരാണ് പിടിയിലായത്. പയ്യന്നൂരില്‍നിന്നാണ് മൂന്നുപേരെയും പിടികൂടിയത്.

കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് കവര്‍ച്ച നടന്നത്. ഉളിക്കല്‍ ബി.എസ്.എന്‍.എല്‍ പരിധിയില്‍ വരുന്ന നുച്ച്‌യാട്, കേയാറമ്ബ് പ്രദേശങ്ങളില്‍നിന്നാണ് കേബിളുകള്‍ കവര്‍ച്ച ചെയ്തത്. റോഡരികില്‍ സൂക്ഷിച്ചിരുന്ന കേബിളാണ് മുറിച്ചെടുത്തത്. ഒന്നര ലക്ഷം രൂപയോളം വിലമതിക്കും. സംഭവസ്ഥലത്തുനിന്ന് കവര്‍ച്ചക്കാരെത്തിയ വാഹനത്തിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചക്കാര്‍ പയ്യന്നൂരിലുണ്ടെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പയ്യന്നൂരിലെത്തി പിടികൂടുകയായിരുന്നു. ഇവരുടെ പരിചയക്കാരനായ പയ്യന്നൂരില്‍ താമസിക്കുന്ന മണ്ഡലിന്റേതാണ് വാഹനം. സി.പി.ഒമാരായ ഹാരിസ്, സന്തോഷ് എന്നിവരും കവര്‍ച്ചക്കാരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

About The Author