നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് മന്ത്രിസഭയിലേക്കെന്ന് സൂചന

നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് മന്ത്രിസഭയിലേക്കെന്ന് സൂചന. ധനമന്ത്രിയാകുമെന്നാണ് സൂചന. പകരം നിര്‍മല സീതാരാമന്‍ ബിജെപി അധ്യക്ഷ പദവിയിലേക്കെത്തിയേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ , കാലാവധി അവസാനിക്കുന്നത് പരിഗണിച്ച് നദ്ദയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി മന്ത്രിയാക്കിയേക്കും.ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന അമിതാഭ് 1980 ബാച്ച് മുന്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

സെന്റ് സ്റ്റീഫന്‍സ് കോളേജിലെയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അമിതാഭ് കാന്ത് തലശ്ശേരി സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒരു പതിറ്റാണ്ടായി മോദിയുടെ വിശ്വസ്തനാണ്. 2014 മെയ് 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, വ്യവസായം, പ്രമോഷന്‍ വകുപ്പില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അമിതാഭ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ തുടങ്ങിയ മോദിയുടെ പ്രൊജക്ടുകള്‍ക്ക് നേതൃത്വം നല്‍കിയതും അമിതാഭാണ്.

വിരമിച്ചതിനുശേഷമാണ് ആസൂത്രണ കമ്മീഷനു പകരമായി മോദി രൂപീകരിച്ച നീതി ആയോഗിന്റെ സിഇഒ ആയി അമിതാഭ് കാന്ത് ചുമതലയേല്‍ക്കുന്നത്. 2016 ഫെബ്രുവരി 17നായിരുന്നു നിയമനം. രണ്ട് വര്‍ഷത്തെ കാലാവധി അവസാനിച്ചെങ്കിലും 2022 ജൂണ്‍ വരെ സ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തു. ഈ കാലാവധി അവസാനിച്ച് ഒരാഴ്ചയ്ക്ക് ശേഷം ജി 20 ഷെര്‍പ്പയായും നിയമിതനായി അമിതാഭ് കാന്ത്.

About The Author