‘ജനാധിപത്യo സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; വോട്ടർമാരോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ജനാധിപത്യത്തെ രക്ഷിക്കാനുള്ള ആദ്യപടി വെച്ചുകഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടി. രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഫല പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

‘ഭരണഘടനയെ സംരക്ഷിക്കാന്‍ കൈകോര്‍ത്ത ഇന്‍ഡ്യാ മുന്നണി നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദി പറയുന്നു. ഒന്നിച്ചുചേര്‍ന്നതിന് സഖ്യകക്ഷികളോട് ബഹുമാനം മാത്രം. നിങ്ങള്‍ രാജ്യം ഭരിക്കുന്ന രീതി ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന വലിയ സന്ദേശമാണ് നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.’ രാഹുല്‍ തുറന്നടിച്ചു.

ഇന്‍ഡ്യാ മുന്നണി രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ചോദ്യത്തോട് സഖ്യത്തിലെ മറ്റുകക്ഷികളുമായി കൂടിയാലോചിച്ച ശേഷം പ്രതികരിക്കുമെന്നും ഇപ്പോള്‍ തന്റെ പക്കല്‍ അതിന് ഉത്തരമില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഞങ്ങള്‍ ഒരു സഖ്യത്തിന്റെ ഭാഗമാണ്. അവരുമായി ഇതുവരെയും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ജൂണ്‍ അഞ്ചിന് മുന്നണിയിലെ നേതാക്കള്‍ യോഗം ചേരും. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള ചോദ്യത്തിന് എന്റെ പക്കല്‍ ഇപ്പോള്‍ ഉത്തരമില്ല. നാളെ മാത്രമെ അതില്‍ തീരുമാനമാകൂ.’ രാഹുല്‍ പറഞ്ഞു.

ഞങ്ങളുടെ പോരാട്ടം അന്വേഷണ ഏജന്‍സികളെയും അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങളെയും കയ്യടക്കി വെച്ചതിനെതിരെയും ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും കേരളത്തില്‍ വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധി രണ്ടിടത്തും മികച്ച ലീഡോടെയാണ് വിജയിച്ചത്. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. റായ്ബറേലിയാണോ വയനാടാണോ നിലനിര്‍ത്തുകയെന്ന ചോദ്യത്തിന് രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരോട് ചോദിച്ച ശേഷം തീരുമാനം എടുക്കാമെന്നായിരുന്നു മറുപടി.

About The Author

You may have missed