കൂത്തുപറമ്പിൽ ഗതാഗത കുരുക്ക് പതിവാകുന്നു

ടൗണില്‍ ഗതാഗതക്കുരുക്ക് പതിവായി. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്നത് കൂത്തുപറമ്പ് വഴിയാണ്. കൂടാതെ സ്‌കൂള്‍ തുറന്നതോടെ സ്‌കൂള്‍ വാഹനങ്ങളുടെ തിരക്കും. നിലവില്‍ ആറ് ഹോം ഗാർഡുകള്‍ ആണ് ഗതാഗത നിയന്ത്രണത്തിനായി കൂത്തുപറമ്പ് ഉള്ളത്. വൈകുന്നേരം 4 മണിക്ക് ശേഷം നാലോളം പൊലീസ് ഉദ്യോഗസ്ഥരെയും ഗതാഗത നിയന്ത്രണത്തിനായി ചുമതലപ്പെടുത്താറുണ്ട്. ബസ് സ്റ്റാൻഡിന് പുറത്തുള്ള പ്രധാന വഴികളിലും കണ്ണൂർ റോഡിലും ആണ് കൂടുതലായി വാഹനക്കുരുക്ക് സംഭവിക്കുന്നത്. ഹോം ഗാർഡുകളുടെ സേവനം കണ്ണൂർ റോഡ് ജംഗ്ഷനില്‍ മാത്രമാണ് നിലവിലുള്ളത്. കൊട്ടിയൂർ ഉത്സവ കാലയളവില്‍ കൂടുതല്‍ പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിനായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പരിസരം, കണ്ണൂർ റോഡ് ജംഗ്ഷൻ, ബസ് സ്റ്റാന്റിന്റെ മുൻവശം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ ചുമതലപ്പെടുത്തിയാല്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്ന് വ്യാപാരികളും കാല്‍നടയാത്രക്കാരും പറയുന്നു.

സ്‌കൂള്‍ തുറന്നതോടു കൂടി വിദ്യാർത്ഥികള്‍ക്കും കാല്‍നട യാത്രക്കാർക്കും ഗതാഗതക്കുരുക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂത്തുപറമ്പ് മാർക്കറ്റ് മുതല്‍ ആശുപത്രി പരിസരം വരെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ തോന്നിയത് പോലെ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.

കൊട്ടിയൂർ ഉത്സവം, സ്‌കൂള്‍ തുറന്ന വേളകളില്‍ സാധാരണയായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി നഗരസഭയും പൊലീസും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാറുണ്ടെങ്കിലും ഇത്തവണ അത്തരത്തിലുള്ള നടപടികളൊന്നും സ്വീകരിക്കാതിരുന്നത് ഗതാഗത തടസ്സത്തിനിടയാക്കി.

About The Author

You may have missed