ഐ.എ.എസ്. ദമ്പതിമാരുടെ മകള്‍ കെട്ടിടത്തിന്റെ പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി

മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകൾ ഫ്ലാറ്റിലെ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്​ട്ര കാഡറിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ മകളായ ലിപിയാണ് ജീവനൊടുക്കിയത്. പഠനത്തിലുണ്ടായ മോശം പ്രകടനമാണ് മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രഥമിക നി​ഗമനം.

ഹരിയാനയിലെ സോണിപ്പത്തിൽ നിയമവിദ്യാർഥിനിയായിരുന്നു ലിപി. പരീക്ഷയെ കുറിച്ച് പെൺകുട്ടി കടുത്ത ആശങ്കയിലായിരുന്നെന്നാണ് പറയുന്നത്. ഫ്ലാറ്റിൽ നിന്ന് ചാടിയ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കാണിച്ച് ലിപിയെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ലിപിയുടെ പിതാവ് വികാസ് രസ്തോഗി. അമ്മ രാധിക രസ്തോഗി സംസ്ഥാന സർക്കാരിലെ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

About The Author