ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പ്. കനത്ത ചൂടിനെത്തുടര്‍ന്ന് ദില്ലിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ അധികജലം ആവശ്യപ്പെട്ട് യു പി, ഹരിയാന മുഖ്യമന്ത്രിമാര്‍ക്ക് ദില്ലി ജലവകുപ്പ് മന്ത്രി അതിഷി കത്തയച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസം അത്യുഷ്ണം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലി, പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അത്യുഷ്ണത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 153 കടന്നു. ഉഷ്ണതരംഗം തുടരുന്നതിനാല്‍ ആശുപത്രികളിലും പൊതുയിടങ്ങളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത ചൂടിനെത്തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ ദില്ലിയില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം എത്തിക്കാനാവുന്നില്ല. ജനക്കൂട്ടം ജലടാങ്കറുകള്‍ തടഞ്ഞ്
വെള്ളം ശേഖരിക്കുന്നത് പതിവാണ്.

യുപി, ഹരിയാന, ഹിമാചല്‍ സംസ്ഥാനങ്ങളോട് ജലം അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിനുപിന്നാലെ ഒരു മാസത്തേക്ക് അധികജലം ആവശ്യപ്പെട്ട് യുപി, ഹരിയാന മുഖ്യമന്ത്രിമാര്‍ക്ക് ദില്ലി ജലമന്ത്രി അതിഷി കത്തയിച്ചിട്ടുണ്ട്. താപനില 50 പിന്നിട്ടതോടെ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും മണ്‍സൂണ്‍ എത്തുന്നത് വരെ അധികജലം അനുവദിക്കണമെന്നുമാണ് കത്തിലെ ആവശ്യം. അതേസമയം ജലക്ഷാമം നേരിടാന്‍ കര്‍ശന നടപടികള്‍ ദില്ലി സര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂടാണ് മെയ് മാസത്തില്‍ ദില്ലിയില്‍ രേഖപ്പെടുത്തിയത്.

About The Author