‘ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല’; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. കേരള സര്‍വ്വകലാശാല സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ നാമനിര്‍ദേശം റദ്ദാക്കി. ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഗവര്‍ണ്ണറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാലാ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള ഗവര്‍ണ്ണറുടെ നടപടി തെറ്റാണ്. ചാന്‍സലറുടെ നടപടി തുല്യതയ്ക്ക് വിരുദ്ധവും വിവേചനപരവുമാണ്. വിവേചനാധികാരം യുക്തിപരമായും പക്ഷപാത രഹിതമായും വിനിയോഗിക്കണം. വ്യക്തിപരമായ തീരുമാനമമനുസരിച്ചല്ല ഗവര്‍ണ്ണര്‍ തീരുമാനമെടുക്കേണ്ടത്. നാമനിര്‍ദ്ദേശം റദ്ദാക്കിയ ഉത്തരവിലാണ് ഗവര്‍ണ്ണര്‍ക്ക് എതിരായ വിമര്‍ശനം.

സര്‍വകലാശാല നിയമമനുസരിച്ചുള്ള യോഗ്യത ഗവര്‍ണ്ണര്‍ നിയമിച്ചവര്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണ്ണര്‍ നിയമിച്ച നാല് പേരും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ അല്ല. നാല് പേരും സര്‍വകലാശാലയുടെ പട്ടികയിലുള്ളവരേക്കാള്‍ യോഗ്യരല്ലെന്നും കോടതി പറഞ്ഞു. ആറാഴ്ചക്കകം പുതിയ പേരുകള്‍ നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. മൂന്നംഗങ്ങളെ നിര്‍ദേശിച്ച സര്‍ക്കാര്‍ നടപടി ശരിവെച്ചു. സെനറ്റുകളിലെ നിയമന അധികാരം നിയമസഭയ്‌ക്കെന്ന് വ്യക്തമായതായി നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. ഗവര്‍ണറുടെ കാവിവത്കരണ നീക്കം തകര്‍ന്നെന്ന് മന്ത്രി ആര്‍.ബിന്ദു 24നോട് പറഞ്ഞു.

ചാന്‍സലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവര്‍ണറുടെ വാദത്തിനാണ് ഹൈകോടതിയില്‍ തിരിച്ചടിയേറ്റത്. കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത നാലുപേരെയും ജസ്റ്റിസ് മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സെനറ്റിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട മൂന്നു പേരുകള്‍ ഹൈക്കോടതി ശരിവെകുകയും ചെയ്തു. വിധി സ്വാഗതം ചെയ്യുന്നതായി നിയമമന്ത്രി പി രാജീവ് പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ട് അടിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധി എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു. കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എസ്.എഫ്.ഐയും വ്യക്തമാക്കി. യോഗ്യരായ വിദ്യാര്‍ഥികളെ ഒഴിവാക്കി ഗവര്‍ണര്‍ എബിവിപിക്കാരെ മാത്രം നാമനിര്‍ദ്ദേശം ചെയ്തുവെന്നായിരുന്നു പ്രധാന പരാതി. സര്‍ക്കാരുമായുള്ള തുറന്നപ്പോരില്‍ ഗവര്‍ണര്‍ ഏറ്റകനത്ത തിരിച്ചടിയാണ് ഇന്നത്തെ വിധി.

About The Author