പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെ, അത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും: അമിത് ഷാ

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ആ പ്രദേശം ഇന്ത്യ തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിലെ ഇന്ത്യ അതിർത്തിയിൽ ജനം സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മമത ബാനർജിക്കും രാഹുൽ ഗാന്ധിക്കും പാക്കിസ്ഥാനെ ഭയമാണെങ്കിൽ അവർ ഭയന്ന് തന്നെ ഇരിക്കട്ടെ. പക്ഷെ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ഞാൻ പറയുന്നു. അതിനെ നമ്മൾ വീണ്ടെടുക്കു തന്നെ ചെയ്യും,’ ഹൂഗ്ലി ജില്ലയിലെ ശ്രീരാംപൂറിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതിനെ എതിർത്ത കോൺഗ്രസിനെയും തൃണമൂൽ കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. കശ്മീർ താഴ്‌വര ചോരക്കളമാകുമെന്നാണ് അവർ പറഞ്ഞത്. മുൻപ് കശ്മീർ സംഘർഷഭരിതമായിരുന്നു. ഇന്ന് അങ്ങിനെയല്ല. അതേപോലെയാണ് പാക് അധീന കശ്മീരും. ഇന്ന് അവിടം സംഘർഷഭരിതമാണ്. സ്വാതന്ത്ര്യത്തിനായുള്ള മുറവിളി മുൻപ് ഇന്ത്യയിൽ നിന്നാണ് ഉയർന്നത്. എന്നാൽ അതിന്ന് പാക്കിസ്ഥാനിൽ പാക് അധീന കശ്മീരിൽ നിന്നാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ താഴ്‌വരയിൽ സമാധാനം വന്നെന്നും 2.18 കോടി വിനോദസഞ്ചാരികൾ അവിടം സന്ദർശിച്ചെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സ്ഥിരം കല്ലേറ് നടക്കുന്ന കശ്മീരിൽ ഇന്ന് അതില്ല. അതെല്ലാം പാക് അധീന കശ്മീരിലാണ് നടക്കുന്നത്. ഇതെല്ലാം നടക്കുമ്പോഴാണ് പാക്കിസ്ഥാൻ്റെ പക്കൽ ആറ്റം ബോംബുണ്ടെന്ന് മണി ശങ്കർ അയ്യറും ഫറൂഖ് അബ്ദുള്ളയും വിമർശിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാക് അധീന കശ്മീരിൽ രൂക്ഷമായ വിലക്കയറ്റവും ഊർജ്ജ പ്രതിസന്ധിയും മൂലം ജനം തെരുവിലിറങ്ങിയിരുന്നു. ആദ്യം പ്രതിഷേധിച്ച വ്യാപാരികളിൽ കുറേയേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജനരോഷം അണപൊട്ടിയത്. പിന്നീട് നടന്ന സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടെന്നും 90 ലേറെ പൊലീസുകാർക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഈ സംഭവങ്ങളുടെ പിന്നാലെ പാക്കിസ്ഥാൻ സർക്കാർ, പാക് അധീന കാശ്മീരിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് സാമൂഹിക ജീവിതം സംഘർഷഭരിതമായ ഇക്കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പ്രസംഗിച്ചത്.

About The Author