ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ പരാതി

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താൻ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിൻ്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവർണർക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തിൽ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയിൽ സ്ത്രീ വ്യക്തമാക്കുന്നത്.

എന്നാൽ ഏറ്റുമുട്ടാൻ ഉറച്ച് തന്നെയാണ് ബംഗാൾ ഗവർണറും. രാജ്ഭവൻ കോമ്പൗണ്ടിൽ കയറുന്നതിന് പൊലീസിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഗവർണർക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവൻ പ്രസ്താവനയിറക്കി.

ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. പശ്ചിമ ബംഗാളിൽ വിവിധ ഇടങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് മൂന്ന് പൊതുയോഗങ്ങളിൽ പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയർന്ന ആരോപണം ബിജെപിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

About The Author