തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; അയ്യപ്പൻ്റെ ചിത്രമുള്ള സ്ലിപ്പുകൾ വിതരണം ചെയ്തതിന് തെളിവില്ലെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. അയ്യപ്പൻറെ ചിത്രമുള്ള സ്ലിപ്പുകൾ വിതരണം ചെയ്തതിന് തെളിവില്ലെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു. സ്ലിപ്പുകൾ വിതരണം ചെയ്തുവെന്ന് സംശയാതീതമായി തെളിയിക്കാൻ സാക്ഷി മൊഴികൾ പര്യാപ്തമല്ല എന്നും കോടതി വ്യക്തമാക്കി.

കെ. ബാബു തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാൻ സ്വരാജിന് സാധിച്ചില്ല. സിപിഐഎം പ്രവർത്തകരായ സാക്ഷികൾ നൽകിയ മൊഴിയിൽ അവ്യക്തതയുണ്ടായിരുന്നു എന്നും കോടതി പറഞ്ഞു.

ഹർജി തള്ളിയ ഹൈക്കോടതി വിധി വിചിത്രമെന്ന് എം സ്വരാജ് പ്രതികരിച്ചിരുന്നു. ഹൈക്കോടതി വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് എം സ്വരാജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. എല്ലാ തെളിവുകളും ഉണ്ടായിരുന്നു. ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ശരിവെച്ചിരുന്നതായും എം സ്വരാജ് പറഞ്ഞു.

‘എല്ലാം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇപ്പോൾ മറിച്ചാണ് വിധി വന്നിരിക്കുന്നത്. കേസ് ജയിച്ചോ തോറ്റോ എന്നതിന് അപ്പുറം ഈ വിധി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. വിശ്വാസികളായി ജനങ്ങളുടെ ഈശ്വര സങ്കൽപ്പങ്ങളെ സ്ലിപ്പിൽ അച്ചടിച്ച് വിതരണം ചെയ്താലും കുഴപ്പമില്ല എന്ന തോന്നൽ ഈ വിധി സമൂഹത്തിൽ പകർന്ന് നൽകും. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.’ എം സ്വരാജ് പ്രതികരിച്ചു.

ആരോപണങ്ങളിൽ നൂറു ശതമാനം ഉറച്ചുനിൽക്കുന്നതായി സ്വരാജ് വ്യക്തമാക്കി. അപ്പീൽ നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിധിയെ നിയമപരമായി തന്നെ ചോദ്യം ചെയ്യും. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്ന് സ്വരാജ് പറയുന്നു. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഉന്നയിച്ച ആരോപണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കെ ബാബുവിന് എംഎൽഎ ആയി തുടരാമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞു. ജസ്റ്റിസ് പി.ജി.അജിത് കുമാറിൻറെ ബെഞ്ചാണ് വിധി പറഞ്ഞത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. തുടർന്ന് 2021 ജൂണിൽ സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. രണ്ട് വർഷത്തിനും പത്തുമാസത്തിനും ശേഷമാണ് ഹർജിയിൽ വിധി വന്നത്.

About The Author