ഭിന്നശേഷി, മുതിര്‍ന്ന പൗരന്‍: അര്‍ഹരായ എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യമൊരുക്കം: ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷി, എണ്‍പത്തഞ്ച് വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സൗകര്യം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് ക്രമീകരണം ചെയ്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

വോട്ടര്‍പട്ടിയില്‍ 85 വയസ്സ് കഴിഞ്ഞതായി രേഖപ്പെടുത്തിയ വോട്ടര്‍ക്ക് മറ്റ് രേഖകളൊന്നും ഹാജരാക്കാതെ തന്നെ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. വോട്ടര്‍പട്ടിക ഡാറ്റബേസില്‍ ഭിന്നശേഷി വോട്ടറായി രേഖപ്പെടുത്തിയവര്‍ക്കാണ് ഭിന്നശേഷി വിഭാഗത്തില്‍ ഫോറം 12 ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ഫോറം 12 ഡി അപേക്ഷയോടൊപ്പം 40 ശതമാനത്തില്‍ അധികം ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കുന്ന വോട്ടറമാര്‍ക്ക്് മാത്രമേ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുകയുള്ളൂ. ഫോറം 12 ഡി അപേക്ഷ നല്‍കി എന്നതുകൊണ്ട് മാത്രം അനര്‍ഹരായ ഒരാള്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭിക്കില്ല.

ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടാത്തതും, എന്നാല്‍ പ്രായാധിക്യമോ മറ്റ് കാരണങ്ങളാലോ കിടപ്പിലായവരുമായ ആളുകളെ നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനവും വളണ്ടിയര്‍മാരും ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കാന്‍ ജില്ലാ ഭരണസംവിധാനം ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ട്. 85ല്‍ കൂടുതല്‍ പ്രായവും ഭിന്നശേഷിയുമായി രേഖപ്പെടുത്തിയ ആള്‍ക്ക് പ്രായം കണക്കാക്കി മറ്റ് സര്‍ട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ലാതെ തന്നെ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുണ്ടാകും.
1960 -ലെ ഇലക്ടറല്‍ രജിട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഇലക്ഷന്‍ പ്രഖ്യാപന ദിവസം വരെ ( 2024 മാര്‍ച്ച് 16) അവസരമുണ്ടായിരുന്നു. വോട്ടര്‍പട്ടിക കുറ്റമറ്റതും കാലികവുമാക്കുന്നതിന് വില്ലേജ് തലത്തിലും ബൂത്ത് തലത്തിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗങ്ങള്‍ ചേര്‍ന്ന് പട്ടിക പരിശോധന നടത്തിയിരുന്നു. പട്ടികയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അവസരവും ആവശ്യമായ സമയവും നല്‍കിയിരുന്നു. എന്നിരുന്നാലും പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ ഒരു വോട്ടര്‍ക്കും വോട്ട് നിഷേധിക്കില്ലെന്നും അത്തരക്കാര്‍ക്ക് പോളിങ്ങ് ബൂത്തില്‍ എത്തി വോട്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

About The Author