വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണക്ക് പിഴക്കരുത്; റേറ്റ് ചാര്‍ട്ടുണ്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ്് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട് പുറത്തിറക്കി. കസേര ഒരെണ്ണം ഏഴ് രൂപ, കൈയ്യില്ലാത്ത കസേര ഒരെണ്ണം നാല് രൂപ, മേശ ഒരെണ്ണം 25 രൂപ, ട്യൂബ് ലൈറ്റ് ഒരെണ്ണം 25 രൂപ, നെറ്റിപ്പട്ടം ഒരെണ്ണത്തിന് 600 രൂപ, മുത്തുക്കുട ഒരെണ്ണം 50 രൂപ എന്നിങ്ങന ചെറുതും വലുതുമായ 145 പ്രചാരണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലവിവര പട്ടികയാണ് പുറത്തിറക്കിയത്. നേരത്തെ പ്രസിദ്ധീകരിച്ച കരട് ചാര്‍ട്ടിന്‍മേല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങളും പരാതികളും കൂടി പരിഗണിച്ച ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ദിനപത്രങ്ങള്‍, ടെലിവിഷന്‍, എന്നിവയില്‍ പരസ്യം നല്‍കുന്നതിനുള്ള റേറ്റ് ചാര്‍ട്ട് പ്രത്യേകമായി പ്രസിദ്ധീകരിക്കും.
താല്‍കാലിക തിരഞ്ഞെടുപ്പ് കമ്മിറ്റി ബൂത്ത് ഓരോ യൂണിറ്റിനും 200 രൂപ, വാഹനങ്ങളിലെ സ്റ്റേജ് (ചെറുത്) ഒരു ദിവസം 3000 രൂപ, വാഹനങ്ങളിലെ സ്റ്റേജ് (വലുത്) ഒരു ദിവസം 5000 രൂപ, സ്റ്റേജ് ഒരു സ്‌ക്വയര്‍ ഫീറ്റ് 45 രൂപ, പോഡിയം ഒരു ദിവസം 200, ഓഡിയോ സോങ് റെക്കോര്‍ഡിംഗ് (സോളോ) പ്രൊഫഷണലായി കമ്പോസ് ചെയ്തത് ഒരെണ്ണം 5000, ക്ലോത്ത് ബാനര്‍ സ്‌ക്വയര്‍ ഫീറ്റിന് 22 രൂപ, കട്ട് ഔട്ട് (മരം കൊണ്ടുള്ള ഫ്രെയിം) സ്‌ക്വയര്‍ ഫീറ്റിന് 55 രൂപ, തുണി കൊണ്ടുള്ള കട്ട് ഔട്ട് സ്‌ക്വയര്‍ ഫീറ്റിന് 43 രൂപ, പോസ്റ്റര്‍ (മള്‍ട്ടികളര്‍) 1000 പീസിന് 2500, കയ്യില്‍ പിടിക്കുന്ന ചെറിയ പ്ലക്കാര്‍ഡുകള്‍ ഒരെണ്ണത്തിന് 18 രൂപ, ഡ്രോണ്‍ ക്യാമറ മണിക്കൂറിന് 300 രൂപ, എല്‍ ഇ ഡി ടി വി 700 രൂപ, ആംപ്ലിഫയറും മൈക്രോഫോണുമുള്ള ലൗഡ് സ്പീക്കര്‍ (2000 വാട്ട്) ഒരുക്കുന്നതിന് ഒരു ദിവസം 3100 രൂപയയു അധിക ദിവസത്തിന് 2000 രൂപ വീതവും, ഓര്‍ഡിനറി പന്തല്‍ സ്‌ക്വയര്‍ ഫീറ്റിന് എട്ട് രൂപ, സ്ഥാനാര്‍ഥികളുടെ പേര് പതിച്ച ടീ-ഷര്‍ട്ട് ഒരെണ്ണം 150 രൂപ, മൈക്ക് അനൗണ്‍സ്‌മെന്റിനായുള്ള സൗണ്ട് സിസ്റ്റം വാടകക്ക് ഒരെണ്ണം 1250 രൂപ, അനൗണ്‍സ് ചെയ്യുന്ന ആളുടെ കൂലി ഒരു ദിവസം 500 രൂപ, ചുവരെഴുത്ത് സ്‌ക്വയര്‍ ഫീറ്റിന് 10 രൂപ, അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് (വലുത്) ഒരു പീസ് 25 രൂപ, അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് (ചെറുത്) ഒരു പീസ് 10 രൂപ, തോരണം നീക്കം ചെയ്യുന്നതിന് ഒരു മീറ്ററിന് രണ്ട് രൂപ, പോസ്റ്റര്‍ നീക്കം ചെയ്യുന്നതിന് ഒന്നിന് നാല് രൂപ, ചുമരെഴുത്ത് നീക്കം ചെയ്യാന്‍ ഒരു മീറ്ററിന് എട്ട് രൂപ, ബാഡ്ജ് ഒരു പീസിന് മൂന്ന് രൂപ, ബലൂണ്‍ ഒരു പീസിന് ഒരു രൂപ, ആര്‍ട്ടിസ്റ്റ് റേറ്റ് ഒരു ദിവസം 650 രൂപ എന്നിങ്ങനെയാണ് മറ്റുള്ള നിരക്കുകള്‍.

പോസ്റ്റല്‍ വോട്ടിനുള്ള 12-ഡി ഫോമുകള്‍ വിതരണം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള 12-ഡി ഫോമുകള്‍ (ഇംഗ്ലീഷ് ഫോമുകള്‍) ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം തുടങ്ങി. മലയാളത്തിലുള്ള ഫോമുകള്‍ മാര്‍ച്ച് 24 ഞായറാഴ്ച മുതല്‍ വിതരണം ചെയ്യും. 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കുമാണ് 12-ഡി ഫോമുകള്‍ നല്‍കുന്നത്. വിജ്ഞാപന തീയ്യതിയായ മാര്‍ച്ച് 28ന് ശേഷമുള്ള അഞ്ച് ദിവസത്തിനുള്ളില്‍ ഇവ പൂരിപ്പിച്ച് നല്‍കണം. വോട്ടര്‍ പട്ടികയില്‍ 85+, പി ഡബ്ല്യു ഡി എന്ന് രേഖപ്പെടുത്തിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. വോട്ടര്‍പട്ടികയില്‍ ഭിന്നശേഷിക്കാരായി ഫ്ളാഗ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ബി എല്‍ ഒ മാരുമായി ബന്ധപ്പെടാം. സെക്ടര്‍ ഓഫീസര്‍മാരുടെ നിരീക്ഷണത്തിലാണ് ബി എല്‍ ഒമാര്‍ വീടുകളില്‍ ഫോമുകള്‍ വിതരണം ചെയ്യുന്നത്.
തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാനുള്ള മുതിര്‍ന്ന പൗരന്‍മാരുടെ പ്രായപരിധി 80 വയസ്സിന് മുകളില്‍  എന്നുള്ളത് 85 വയസ്സിനു മുകളിലുള്ളവര്‍ക്കായി ഉയര്‍ത്തിയിട്ടുണ്ട്. 1961ലെ ഇലക്ഷന്‍ റൂള്‍ 27 എ യിലെ ക്ലോസി(ഇ)ല്‍ വരുത്തിയ ഭേദഗതി പ്രകാരമാണ് ഇത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

പ്രചാരണത്തിന് തെര്‍മോകോള്‍ ഉപയോഗിച്ചാല്‍ പിഴ ചുമത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. തെര്‍മോകോള്‍ നിരോധിത ഉല്‍പന്നമായതിനാല്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് 10000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണ്. പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, റീസൈക്കിള്‍  ലോഗോ എന്നിവ വ്യക്തമായി കാണുന്ന രീതിയില്‍ ഉണ്ടായിരിക്കണം. നിരോധിത ഉല്‍പന്നമല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ പ്രിന്റിങ്ങിനായി ഉയോഗിക്കാവു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ബോര്‍ഡുകള്‍ പിടിച്ചെടുത്ത്  നടപടി സ്വീകരിക്കുമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ജെ ഡി സി കോഴ്സ്

സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് യോഗ്യത.  www.scu.kerala.gov.in വഴി ഓണ്‍ലൈനായി മാര്‍ച്ച് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0497 2706790, 9497859272.

ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്); തിരഞ്ഞെടുപ്പ് റദ്ദാക്കി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്-7 എന്‍ സി എ-എസ് സി – 76/2023) തസ്തികയിലേക്ക് 2023 മെയ് 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ഥികള്‍ ആരുംതന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

കൈരളിയില്‍ ഡിസ്‌കൗണ്ട് സെയില്‍

കേരള കരകൗശലവികസന കോര്‍പ്പറേഷന്‍ കണ്ണൂര്‍ യൂണിറ്റായ കൈരളിയില്‍ സ്റ്റോക്ക് തീര്‍ക്കല്‍ വില്‍പന തുടങ്ങി.  മാര്‍ച്ച് 31വരെ എല്ലാ ഇനങ്ങള്‍ക്കും 10 ശതമാനം കിഴിവ് ഉണ്ടായിരിക്കും.

About The Author