വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എംസിഎംസി സെല്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം 25ന്

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി(എം സി എം സി) സെല്‍ മീഡിയ സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 25ന് ഉച്ചക്ക് 2.30ന് നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, കേബിള്‍ ടി വി, ഇന്റര്‍നെറ്റ്, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയിലെ തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ നിരീക്ഷണം എന്നിവക്കായാണ് എംസിഎംസി സെല്‍ പ്രവര്‍ത്തിക്കുക. എംസിഎംസി യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു.

സ്ഥാനാര്‍ഥികള്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും കേരളത്തില്‍ എവിടെയെങ്കിലും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാം. സ്ഥാനാര്‍ഥികളുടെ പേരിലോ അല്ലെങ്കില്‍ സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ഏജന്റിന്റെയും പേരില്‍ സംയുക്തമായോ അക്കൗണ്ട് തുടങ്ങാം. സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കെട്ടിവെക്കുന്ന തുക ഉള്‍പ്പെടെയുള്ള മുഴുവന്‍ തെരഞ്ഞെടുപ്പ് ചെലവുകളും ഈ അക്കൗണ്ട് വഴി മാത്രം ചെലവാക്കേണ്ടതാണ്.  മതിയായ രേഖകളില്ലാതെ സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ ഏജന്റോ, പാര്‍ട്ടി പ്രവര്‍ത്തകരോ 50,000 രൂപക്ക് മുകളിലുള്ള തുക തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ മണ്ഡലത്തില്‍ കൊണ്ടുപോകരുത്. 10,000 രൂപ വരെയുള്ള ചെലവുകള്‍ മാത്രമേ പണമായി നല്‍കാവൂ. അതില്‍ കൂടുതല്‍ വരുന്ന തുക ചെക്ക്, ഡ്രാഫ്റ്റ് ആര്‍ ടി ജെ എസ് മുഖേന നല്‍കണം.

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വോട്ട്: ക്യാമ്പയിന്‍ നടത്തി

അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെണ്ടയാട് മഹാത്മ ഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. കോളജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും രജിസ്‌ട്രേഷന്‍ നടത്തി.
അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. കൂത്തുപറമ്പ് നിയോജകമണ്ഡലം അസി. റിട്ടേണിങ് ഓഫീസര്‍ എസ് എസ് അഭിനേഷ്, നോഡല്‍ ഓഫീസര്‍ ബാബു മണപ്പാട്ടി, ടീം അംഗങ്ങളായ സി എം നിര്‍മ്മല്‍, പ്രവിഷ, സ്വാതി എന്നിവര്‍ പങ്കെടുത്തു.

About The Author