അവശ്യസര്‍വീസ് ആബ്‌സന്റി വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയുള്ള അവശ്യസര്‍വീസ് ആബ്‌സന്റി വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. ഓരോ നിയോജക മണ്ഡലങ്ങളിലും ഓരോ വോട്ടിങ് സെന്ററുകള്‍ ഇതിനായി ഒരുക്കുമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ആറ് ദിവസം മുമ്പ് മൂന്ന് ദിവസത്തേക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സെന്ററുകള്‍ പ്രവര്‍ത്തിക്കും.
പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, കെ എസ് ഇ ബി, ജല അതോറിറ്റി, കെ എസ് ആര്‍ ടി സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കൊച്ചിന്‍ മെട്രോ, കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, പോസ്റ്റ് ആന്റ്‌ടെലിഗ്രാഫ് എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ക്കും മീഡിയക്കുമാണ് പോസ്റ്റല്‍ വോട്ട് സംവിധാനം ലഭിക്കുക. ഇതിനായി അതത് വകുപ്പുകള്‍ ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.
പോസ്റ്റല്‍ വോട്ട് ലഭ്യമാകുന്നതിന് നോഡല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ 12 ഡി അപേക്ഷാ ഫോറം അതത് മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഗസറ്റില്‍ പുറപ്പെടുവിച്ച് അഞ്ച് ദിവസത്തിനുള്ളിലാണ് ഫോറം സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ രണ്ട് ആണ് അവസാന തീയതി.
അപേക്ഷ സമര്‍പ്പിച്ച് പോസ്റ്റല്‍ വോട്ടിങ് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ പിന്നീട് പോളിംഗ് ബൂത്തില്‍ നേരിട്ട് പോയി വോട്ട് ചെയ്യാന്‍ സാധിക്കുന്നതല്ല. പോസ്റ്റല്‍ വോട്ടിങ് സമയത്ത് സര്‍വീസ് ഐ ഡി കാര്‍ഡും ഉണ്ടായിരിക്കണം.
ഇത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ പി സജീവന്‍, വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

About The Author