സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം; കമ്മീഷന്റെ പിടി വീഴും

തെരഞ്ഞെടുപ്പ് ചർച്ചകളും പ്രചാരണവും നാട്ടിൽ സജീവമായി. എന്നാൽ ഇതിനേക്കാൾ ചൂടിലാണ് നവമാധ്യമങ്ങളിലെ പ്രചാരണം. ഇത്തരം ഇടങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴുമെന്ന് ഉറപ്പാണ്. വ്യാജന്മാരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നിരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ക്വിക്ക് റെസ്പോൺസ് ടീം. തെറ്റായ വാർത്തകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഇത് തടയുന്നതിനാണ് ഒമ്പത് അംഗ ക്വിക്ക് റെസ്പോൺസ് ടീം രൂപീകരിച്ചത്.

തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ ഉൾപ്പെടെയുള്ള വ്യാജവാർത്തകൾ, പെരുമാറ്റച്ചട്ടലംഘനം, ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള വാർത്തകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും നിരീക്ഷണം നടത്തുക. പോളിംഗ് ദിനത്തിലും അതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ഏറെ വരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കലക്ടർ നിർദേശിച്ചു. അത്തരം വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടപടിയെടുക്കും.
വ്യാജ വാർത്തകൾ തടയുന്നതിന് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആധികാരിക വാർത്തകൾ നേരത്തെ തന്നെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കും.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. അസി. കലക്ടർ അനൂപ് ഗാർഗ്‌, എ ഡി എം കെ നവീൻ ബാബു, ഇലക്ഷൻ ഡെപ്യുട്ടി കലക്ടർ ബി രാധാകൃഷ്ണൻ, സോഷ്യൽ മീഡിയ ഫേക്ക് ന്യൂസ് മോണിറ്ററിങ് നോഡൽ ഓഫീസർ സി എം മിഥുൻ കൃഷ്ണ, മറ്റ് നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
വ്യാജ വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ 0497 2704717 എന്ന കൺട്രോൾ റൂം നമ്പറിൽ  അറിയിക്കുക. ഇമെയിൽ qrtknr.election@kerala.gov.in

About The Author