നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും വിവിധ അനുമതിക്കുമായി സുവിധ ആപ്പ്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും പ്രചാരണത്തിന്റെ ഭാഗമായ വിവിധ അനുമതികള്‍ക്കുമായി സുവിധ ആപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കിയ പരിശീലനത്തില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്‍കോര്‍ ആപ്പിലുള്ള വിവിധ മൊഡ്യൂളുകളിലാണ്. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക, സൂക്ഷ്മ പരിശോധന, സത്യവാങ്മൂലം, പോളിംഗ് നില, ചെലവ് നിരീക്ഷണം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ആപ്പാണിത്. എന്‍കോറിന്റെ ഭാഗമായുള്ള പോര്‍ട്ടലാണ് സുവിധ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് സുവിധ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ പ്രതിനിധി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് സ്ഥാനാര്‍ഥിക്ക് വേണ്ടി ഓണ്‍ലൈനായി സുവിധ വഴി നാമനിര്‍ദ്ദേശ പത്രിക നല്‍കാം. ഇത്തരത്തില്‍ നല്‍കുന്ന അപേക്ഷ പ്രിന്റ് എടുത്ത് ഒപ്പ് രേഖപ്പെടുത്തിയ ശേഷം റിട്ടേണിങ്ങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രചാരണത്തിന്റെ ഭാഗമായുള്ള അനുമതികള്‍ക്കുള്ള അപേക്ഷകള്‍ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്കും സുവിധ ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കണം. മറുപടിയും അപേക്ഷയുടെ സ്റ്റാറ്റസും ആപ്പില്‍ തന്നെ ലഭ്യമാകും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. എം സി സി, നാമനിര്‍ദേശ പത്രിക സമര്‍പ്പണം, സുവിധ ആപ്പ് എന്നീ വിഷയങ്ങളില്‍ സ്റ്റേറ്റ് മാസ്റ്റര്‍ പരിശീലകരായ ഷാജി കൊഴുക്കുന്നോല്‍, വി പി സന്തോഷ് കുമാര്‍, എം പി വിനോദ്കുമാര്‍, ജില്ലാതല മാസ്റ്റര്‍ പരിശീലകന്‍ എം സി കെ അബ്ദുള്‍ ഗഫൂര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ്് ഓഫീസര്‍ കെ രാജന്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ട്രെയിനിങ്ങ് നോഡല്‍ ഓഫീസര്‍ നെനോജ് മേപ്പടിയത്ത് സംസാരിച്ചു.

About The Author