കോഴിക്കോട് എന്‍ഐടിയില്‍ കര്‍ശന രാത്രികാല നിയന്ത്രണം;11 മണിക്ക് ശേഷം കാന്റീനില്ല

രാത്രി 11 മണിക്ക് ശേഷം കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് എന്‍ഐടി. 12 മണിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല. നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഡീന്‍ പുതിയ ഉത്തരവിറക്കിയത്.

ഉത്തരവില്‍ പറയുന്നത് പ്രകാരം കാമ്പസില്‍ രാത്രി വൈകിയും പ്രവര്‍ച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയുള്ള കാന്റീന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ 11 മണിക്ക് മുമ്പ് മുറിയില്‍ എത്തണമെന്നും ഉത്തരവില്‍ പറയുന്നു. ലംഘിക്കുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നു, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നു എന്നീ കാരണങ്ങള്‍ പരിഗണിച്ചാണ് ഹോസ്റ്റല്‍ സമയത്തില്‍ നിയന്ത്രണം എന്നും ഡീനിന്റെ ഉത്തരവില്‍ പറയുന്നു.

About The Author