വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

152ല്‍ 140 പരാതികളും തീര്‍പ്പാക്കി
ചട്ടലംഘനം: അതിവേഗ നടപടിക്ക് സി-വിജില്‍

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള സി-വിജില്‍ ആപ്പില്‍ ഇതുവരെ ലഭിച്ചത് 152 പരാതികള്‍. ഇതില്‍ 140 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി. ആറെണ്ണം നടപടികള്‍ പുരോഗമിക്കുന്നു. മൂന്ന് പരാതികള്‍ പെരുമാറ്റ ചട്ടലംഘനം അല്ലെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കി.
പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പകര്‍ത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സി-വിജില്‍ ആപ്പ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ  ആപ്പ്  ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. പേര് വെളിപ്പെടുത്തിയാണ് പരാതി നല്‍കുന്നതെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. ഫോണില്‍ ലഭിക്കുന്ന നാലക്ക ഒ ടി പിയും അടിസ്ഥാന വിവരങ്ങളും നല്‍കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അജ്ഞാതന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കണം. അജ്ഞാത പരാതികളുടെ തുടര്‍നടപടികള്‍ അറിയാനാകില്ല.

തുടര്‍ന്ന് ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം. അപ്പോള്‍ തന്നെ പരാതിക്കാരന്റെ ലൊക്കേഷന്‍ ആപ്പില്‍ രേഖപ്പെടുത്തും. ഫോട്ടോ/വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം സമര്‍പ്പിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ആപ്പില്‍ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ സമയപരിധി അവസാനിക്കും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ആപ്പ് തുറന്ന് പരാതി നല്‍കാം. ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമര്‍പ്പിക്കണം. സഞ്ചരിച്ചുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ മാറാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണ സ്‌ക്വാഡിന് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാകും.
പരാതികളില്‍ 100 മിനുട്ടിനുള്ളില്‍ നടപടിയാകും. പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനര്‍, പോസ്റ്ററുകള്‍ സ്ഥാപിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍/ഭീഷണിപ്പെടുത്തല്‍, മതപരമോ വര്‍ഗീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികള്‍ ആപ്പിലൂടെ നല്‍കാനാകും.
സി- വിജില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 9188406486, 9188406487 ഈ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാം.

തെരഞ്ഞെടുപ്പ് പ്രചാരണം; അച്ചടിച്ചവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അച്ചടിക്കുന്ന നോട്ടീസ്, പോസ്റ്റര്‍, ലഘുലേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സത്യപ്രസ്താവനയോടൊപ്പം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രചാരണ വസ്തുക്കള്‍ അച്ചടിക്കുന്നതിന് പുറപ്പെടുവിച്ച മാര്‍ഗ്ഗ രേഖകള്‍ അച്ചടിശാലകളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കര്‍ശനമായി പാലിക്കണം. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച പ്രകാരമുള്ള ചെലവ് വിവര രജിസ്റ്റര്‍ സൂക്ഷിക്കണം.

പ്രിന്റിങ്ങ് ആവശ്യത്തിന് എത്തുന്നവരില്‍ നിന്നും പ്രസ് ഉടമകളും മാനേജര്‍മാരും സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. സ്ഥാനാര്‍ഥികള്‍, അവരുടെ ഏജന്റുമാര്‍, സ്ഥാനാര്‍ഥികള്‍ക്കായി എത്തുന്ന രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുമ്പോഴാണ് സത്യവാങ്മൂലം വാങ്ങേണ്ടത്. പരിചിതരായ രണ്ട് വ്യക്തികള്‍ ഇതില്‍ സാക്ഷ്യപ്പെടുത്തണം. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര്, പബ്ലിഷ് ചെയ്യുന്ന വ്യക്തിയുടെ പേരും വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. അവയുടെ രണ്ട് കോപ്പിയും സത്യവാങ്ങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം. ഇത് പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ ശിവ പ്രകാശൻ നായർ അറിയിച്ചു.
പ്രചാരണ റാലികളിലും പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണം

പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു പ്രദേശത്ത് ക്രമസമാധാനം സംബന്ധിച്ച് എന്തെങ്കിലും നിയന്ത്രണങ്ങള്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതുമായി സഹകരിക്കണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ആവശ്യമായ അനുമതി പോലീസ് അധികാരികളില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനങ്ങളും മറ്റും നടത്തുന്നതിന് മുമ്പായി പ്രകടനം തുടങ്ങുന്ന സ്ഥലം, സമയം, അവസാനിപ്പിക്കുന്ന സ്ഥലം, സമയം തുടങ്ങിയവ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. പ്രകടനങ്ങളും റാലികളും ട്രാഫിക് തടസ്സപ്പെടുത്താതെ നടത്തണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാജ്യത്തെ ആദ്യ ജില്ലയാകാന്‍ കണ്ണൂര്‍

അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ രജിസ്ട്രേഷന്‍ ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രത്യേക ക്യാമ്പയിന്‍. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് സ്വീപിന്റെ പദ്ധതി. ജില്ലയിലെ 30 ഓളം കോളേജുകളില്‍ നിലവില്‍ ക്യാമ്പയിന്‍ നടന്നു വരുന്നു. ലൂര്‍ദ് കോളേജ് ഓഫ് നഴ്സിംഗ് ആണ് വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ വോട്ടര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. താല്‍പര്യമുള്ള കോളേജുകള്‍ക്ക് ക്യാമ്പ് സംഘടിപ്പിക്കാന്‍ സ്വീപിന്റെ സഹായം ലഭിക്കും. ഇതിനായി acutkannur@gmail.com എന്ന മെയിലിലോ 9605125092 എന്ന ഫോണ്‍ നമ്പറിലോ ഒരാഴ്ച്ചകം ബന്ധപ്പെടണം. വ്യക്തികള്‍ക്ക് https://voters.eci.gov.in/login ല്‍ ലോഗിന്‍ ചെയ്തും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍: എല്ലാ ഓഫീസുകളും
22നകം ജീവനക്കാരുടെ വിവരം രജിസ്റ്റര്‍ ചെയ്യണം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള  ‘ഓര്‍ഡര്‍’ സോഫ്റ്റ് വെയര്‍ സജ്ജമായി. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇതില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി സ്ഥാപന മേധാവികള്‍ മാര്‍ച്ച് 22നകം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിവരങ്ങളുടെ സാക്ഷ്യപത്രം സഹിതം മാര്‍ച്ച് 23നകം സമര്‍പ്പിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സോഫ്റ്റ് വെയര്‍ അഡ്രസ്: www.order.ceo.kerala.gov.in
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ എളുപ്പമാക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ‘ഓര്‍ഡര്‍’ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിട്ടുള്ളത്. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെയും ഇതിനകം നിയോഗിച്ചിട്ടുണ്ട്.
നിരോധനാജ്ഞ നീട്ടി

കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കേളകം പഞ്ചായത്തിലെ ആറാം വാര്‍ഡ് അടക്കാത്തോട് ടൗണ്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. കടുവയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സെഷന്‍ 144 വകുപ്പ് പ്രകാരം മാര്‍ച്ച് 21നു വൈകിട്ട് അഞ്ചുമണി വരെയാണ് നിരോധനാജ്ഞ നീട്ടിയതെന്ന് എ ഡി എം കെ നവീന്‍ബാബു അറിയിച്ചു.

About The Author