ജലബോര്‍ഡ് അഴിമതി; ചോദ്യം ചെയ്യലിന് അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഹാജരാകണം

ദില്ലി ജലബോര്‍ഡ് അഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഇന്ന് ഇഡിക്ക് മുന്‍പാകെ ഹാജരാകണം. എന്നാല്‍ ഇഡി നടപടിയോട് സഹകരിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. മദ്യനയ അഴിമതി പോലെ രാഷ്ട്രീയ പ്രേരിതമായ കേസും അന്വേഷണവുമാണ് ജലബോര്‍ഡ് അഴിമതിയിലുമെന്നാണ് എഎപി ആരോപിക്കുന്നത്. മദ്യനയ അഴിമതിക്കേസിലും ഇഡി കെജ്‌രിവാളിന് ഒന്‍പതാം സമന്‍സ് നല്‍കിയിരുന്നു. ഈ മാസം 21 ന് ഹാജരാകാനാണ് നിര്‍ദേശം.

ദില്ലി മദ്യനയ അഴിമതി കേസിൽ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ മകള്‍ കെ.കവിതയെ ഇ‍ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. ഈ മാസം 23 വരെയാണ് കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കവിതയുടെ ഭര്‍ത്താവ് ഡി.നില്‍കുമാറിനോടും സഹായിയോടും ഇന്ന് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഡിജിറ്റല്‍ വിവരശേഖരണത്തിന്‍റെ ഭാഗമായാണ് ഇരുവരെയും വിളിപ്പിച്ചത്.

മദ്യകമ്പനി ഇന്‍ഡോസ്പിരിറ്റുമായി ബന്ധമുള്ള അരുണ്‍ രാമചന്ദ്രന്‍പിള്ള കവിതയുടെ ബിനാമി ആണെന്നാണ് ഇഡി ആരോപണം. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സമീര്‍ മഹീന്ദ്രു, ബുച്ചി ബാബു എന്നിവരടങ്ങിയ സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി കോഴയായി നല്‍കിയെന്നാണ് ആരോപണം.

About The Author