ഹോസ്റ്റലിലെ നിസ്കാരത്തെച്ചൊല്ലി തർക്കം; ഗുജറാത്ത് സർവകലാശാലയിലെ അഞ്ച് വിദേശ വിദ്യാർഥികൾക്ക് പരിക്ക്

ഗുജറാത്ത് സർവകലാശാലയിലെ ഹോസ്റ്റലിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ആഫ്രിക്കൻ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ, നിസ്കരിച്ചുവെന്നാരോപിച്ച് ആക്രമിച്ചതായും അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായുമാണ് വിവരം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്.

കാമ്പസിൽ പള്ളിയില്ലെന്നും അതിനാലാണ് ഹോസ്റ്റലിൽ നിസ്കരിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു. ആയുധങ്ങളുമായി ഒരു ജനക്കൂട്ടം ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും അവരെ ആക്രമിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ ജനക്കൂട്ടത്തെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും വിദ്യാർഥികൾ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് എത്തിയതിന് ശേഷവും ആൾക്കൂട്ടം ഹോസ്റ്റൽ പരിസരത്ത് തന്നെ തമ്പടിച്ചെന്നും ശേഷം ഒരുപാട് സമയം കഴിഞ്ഞാണ് അവർ സ്ഥലത്ത് നിന്ന് പോയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

About The Author