വിദ്യാര്‍ഥികളുടെ മാഗസിന്‍ ‘ഉയരെ’ പ്രകാശനം ചെയ്തു

പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഉന്നമത്തിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ത്രൈവ് പദ്ധതിയുടെ ഭാഗമായുള്ള ഉയരെ മാസിക പ്രകാശനം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പ്രകാശനം നിര്‍വഹിച്ചു. പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും ജില്ലയിലെ അഞ്ച് കോളേജുകളില്‍ നിന്നുള്ള വളണ്ടിയര്‍മാരും ചേര്‍ന്നാണ് മാസിക തയ്യാറാക്കിയത്. കുട്ടികളില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യം വച്ച് ഇടപെടലുകള്‍ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് മാസിക പ്രസിദ്ധീകരിച്ചത്.

മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ക്യാംപസ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍ സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി അമ്പതിലധികം വളണ്ടിയര്‍മാര്‍ ത്രൈവിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ്.

കൈല സംസ്ഥാന പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സച്ദേവ് എസ് നാഥ്, ഐ ടി ഡി പി പ്രോജക്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ ബിന്ദു, എം ആര്‍ എസ് പ്രധാനാധ്യാപിക പി ടി പ്രീത കുമാരി, സൂപ്രണ്ട് പ്രസാദ് അളോക്കന്‍, സെന്റ് ജോസഫ് കോളജ് ത്രൈവ് ഫാക്കല്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ രാജി സി നായര്‍, മാഗസിന്‍ എഡിറ്റര്‍  ആഷിഖ് ജോണ്‍സണ്‍, മാഗസിന്‍ സ്റ്റുഡന്റ് എഡിറ്റര്‍ സച്ചിന്‍ എബി തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author