വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരളശ്ശേരി റിവര്‍വ്യൂ പാര്‍ക്ക് നിര്‍മാണം: ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു

പാറപ്രം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് അനുബന്ധിച്ച് പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്ക് നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു. പാര്‍ക്ക് നിര്‍മ്മാണത്തിനായി നേരത്തെ 99.21 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തലശ്ശേരി ഫോര്‍ട്ട് വാക് പദ്ധതിക്കായി 99.99 ലക്ഷത്തിന്റെയും കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് സൗന്ദര്യവത്കരണത്തിന് 98.17 ലക്ഷത്തിന്റെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഐലന്റ് ടൂറിസം ഹബ്ബ് എന്ന ലക്ഷ്യത്തോടെയാണ് പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്ക് പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, ഓപ്പണ്‍ ജിം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കഫ്‌റ്റേരിയ, കിയോസ്‌ക്, ടോയ്ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
തലശ്ശേരി ബീച്ച് ടൂറിസം കേന്ദ്രമായ ജവഹര്‍ ഘട്ടിനോട് ചേര്‍ന്നാണ് ഫോര്‍ട്ട് വാക് പദ്ധതി നടപ്പാക്കുന്നത്. സ്വാതന്ത്ര സമര പോരാട്ടങ്ങളില്‍ ജീവ മൃത്യു വരിച്ച അബു, ചാത്തുക്കുട്ടി എന്നിവരുടെ സ്മരണക്കായുള്ള സ്മൃതി മണ്ഡപമായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ തലശ്ശേരി കോട്ട, സെന്റ് ആംഗ്ലിക്കന്‍ ചര്‍ച്ച് എന്നീ കേന്ദ്രങ്ങളുടെ സമീപത്തായാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്.

പട്ടയകേസുകള്‍ മാറ്റി

മാര്‍ച്ച് 12,13 തീയ്യതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ മെയ് 14, 15 തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ഒപ്റ്റോമെട്രിസ്റ്റ് നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും പ്രായപരിധിയും ഉണ്ടായിരിക്കണം.  പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകളുടെയും പ്രമാണങ്ങളുടെയും അസ്സല്‍ സഹിതം മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക അടയ്ക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള  ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ്  മാര്‍ച്ച് 14ന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ പിള്ളയാര്‍ കോവില്‍ ക്ഷേത്രത്തില്‍ നടത്തും.  കണ്ണൂര്‍ താലൂക്കിലുള്ള ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കമെന്ന് സെക്രട്ടറി അറിയിച്ചു.
ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി ക്ഷേത്രജീവനക്കാര്‍ക്ക് മെമ്പര്‍ഷിപ്പിനുള്ള അപേക്ഷ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കാം.  ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  നിയമിക്കുന്നു. എം ബി എ/ ബി ബി എ,. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവയുള്ള  എസ് സി നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12ന് രാവിലെ 11.30ന് ഐ ടി ഐയില്‍ ഹാജരാകണം. ഫോണ്‍: 0497 2835987, 9496360743.

അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ്, ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് എന്നീ കോഴ്സുകള്‍ തുടങ്ങുന്നു. എസ്എസ്എല്‍സി  പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോറം www.iihtkannur.ac.in ല്‍ ലഭിക്കും.  ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് കോഴ്സിനുള്ള അപേക്ഷ  വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കണം. അപേക്ഷ മാര്‍ച്ച്  25നകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497-2835390. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7. വെബ്സൈറ്റ് : www.iihtkannur.ac.in, ഇ മെയില്‍ : info@iihtkannur.ac.in.


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ മെയിന്റനന്‍സ് ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്. യോഗ്യതയുള്ള ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 13ന് രാവിലെ 11 മണിക്ക് തോട്ടടയിലെ വനിത ഐ ടി ഐയില്‍ ഹാജരാകണം. ഫോണ്‍: 04972835987, 9496360743.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (എസ് ടി മാത്രം)(391/2018) തസ്തികയിലേക്ക് 2021 ഫെബ്രുവരി എട്ടിന് നിലവില്‍ വന്ന 52/2021/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2024 ഫെബ്രുവരി ഏഴിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

പരിശീലനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം ജൈവ മാലിന്യ പരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 13ന് കോളേജില്‍ നടക്കുന്ന ഏകദിന പരിശീലനത്തില്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായോഗിക പരിശീലനവും നല്‍കും. ഫോണ്‍: 8129295250.

സ്ഥിരം ലൈസന്‍സി നിയമനം: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ തലശ്ശേരി, ഇരിട്ടി താലൂക്കുകളിലായി സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്ത നാല് റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ എസ്എസ്എല്‍സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 11ന് വൈകിട്ട് മൂന്ന് മണിക്കകംജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസിലും, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: ജില്ലാ സപ്ലൈ ഓഫീസ് 04972700552, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് 04902343714,  ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ് -04902494930

About The Author