CAA വിജ്ഞാപനം ചെയ്തു; പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു

സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍. ഇതോടെ പൗരത്വ നിയമം നിലവില്‍ വന്നു. സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചട്ടങ്ങള്‍ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ നിയമഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുകയായിരുന്നു കേന്ദ്രം. 2019 ഡിസംബര്‍ 11നാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ചിരുന്നു. സംസ്ഥാനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ നടപടി ക്രമങ്ങള്‍ ഓണ്‍ലൈനാക്കി പൂര്‍ണമായും കേന്ദ്ര നിയന്ത്രണത്തില്‍ നിയമം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

കേന്ദ്രം തെരഞ്ഞെടുപ്പു മുന്നില്‍കണ്ടാണ് വീണ്ടും പൗരത്വ ഭേദഗതി നിയമവുമായി എത്തിയത്. സിഎഎ നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം. മുസ്ലീങ്ങളെ അതില്‍ പരിഗണിക്കില്ല.

a

About The Author