ബി.എസ്.എൻ.എല്ലിന്റെ പൂട്ടിയിട്ട എക്‌സ്‌ചേഞ്ചുകളിൽ വൻ മോഷണം

ബി.എസ്.എൻ.എല്ലിന്റെ പൂട്ടിയിട്ട എക്‌സ്‌ചേഞ്ചുകളിൽ വൻ മോഷണം. കിളിയന്തറ, ഉളിയിൽ, ആലക്കോട്, തേർത്തല്ലി എക്‌സ്ചേഞ്ചുകളിലാണ് മോഷണം നടന്നത്. ഉപഭോക്താക്കളുടെ എണ്ണത്തിലെ കുറവുകാരണം പൂട്ടിയ എക്‌സ്‌ചേഞ്ചുകളാണിത്. ഇവിടങ്ങളിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ ലേലംചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നു. ലേലംചെയ്യാൻ ഓൺലൈൻ വഴി അറിയിപ്പും നൽകി. ഇത് കണ്ട് മറ്റു സംസ്ഥാനക്കാരായ ഒരു സംഘം ഈ ഓഫീസുകളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാധനങ്ങൾ കാണാതായത്.

തേർത്തല്ലി എക്‌സ്‌ചേഞ്ചിൽനിന്ന് 127 ലൈൻകാർഡുകൾ കാണാതായതാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്. ഒന്നിന് 3000 രൂപ വിലയുണ്ട്. ബി.എസ്.എൻ.എൽ. അധികൃതർ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം നൽകിയതോടെയാണ് കിളിയന്തറയിലും ഉളിയിലും പരിശോധന നടത്തിയത്. ഉളിയിൽ എക്‌സ്‌ചേഞ്ചിൽനിന്ന് 64-ഉം കിളിയന്തറയിൽനിന്ന്‌ 40-ഉം ലൈൻ കാർഡുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇരിട്ടി എക്‌സ്‌ചേഞ്ച് ജൂനിയർ ടെലികോം ഓഫീസർ ഷിന്റോ നൽകിയ പരാതിയിൽ ഇരിട്ടി പോലീസും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കിളിയന്തറയിലും ഉളിയിലും കെട്ടിടത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത്. ലേലനടപടികളുടെ മുന്നോടിയായി വസ്തു പരിശോധിക്കാൻ എത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ മറ്റ് വിവരങ്ങളൊന്നും ബി.എസ്.എൻ.എൽ. അധികൃതരുടെ പക്കലുമില്ല. ഉപകരണങ്ങൾ കാണാനായി എത്തിയവരുടെ സി.സി.ടി.വി. ദൃശ്യം ശേഖരിക്കുന്നതിനുള്ള പരിശോധനയും പോലീസ് ആരംഭിച്ചിട്ടുണ്ട്. എസ്.ഐ. പ്രകാശൻ, ഡോഗ് സ്‌ക്വാഡ് എസ്.ഐ. എൻ.സി. ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

About The Author