വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വനിതകള്‍ക്കായി വോട്ടര്‍മാരെ ചേര്‍ക്കല്‍ മത്സരം

അന്തര്‍ദേശീയ വനിതാദിനത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മാര്‍ച്ച് എട്ടുമുതല്‍ 15വരെ വനിതാവാരം സംഘടിപ്പിക്കും. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക മത്സരവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയാണ് മത്സരം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ക്കുന്ന വിജയികളെ ജില്ലാ കലക്ടര്‍ അനുമോദിക്കുകയും പരിതോഷിതം നല്‍കുകയും ചെയ്യും. കണ്ണൂര്‍ വിമന്‍ വോട്ടര്‍ ഓഫ് ദി സീസണ്‍ ആയി തെരഞ്ഞെടുക്കാനുള്ള അവസരവും മത്സരത്തിലൂടെ ലഭിക്കും. ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 15നകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇതിന്റെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിച്ച് ആവശ്യാനുസരണം ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ ഏല്‍പ്പിക്കണം.പുതിയ വോട്ടര്‍ രജിസ്റ്റര്‍ ചെയ്യാന്‍ https://voters.eci.gov.in  എന്ന വെബ്സൈറ്റ് ലോഗിന്‍ ചെയ്യാം. ഫോണ്‍: 9605125092. മെയില്‍: acutkannur@gmail.com.

ചോലോറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂൾ: 
പുതിയ കെട്ടിടത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചേലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതി. കഴിഞ്ഞ 2023-24 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തുകയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇത് കൂടാതെ കിഫ്ബിയില്‍ നിന്നും 1.30 കോടി രൂപ ചെലവഴിച്ച് കെട്ടിട നിര്‍മ്മാണം തുടങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 3.43 കോടി രൂപ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചത് ടെന്‍ഡര്‍ നടപടിയിലാണ് . കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഗ്രൗണ്ട് ഒരു കോടി രൂപ ചെലവഴിച്ച് പുതുക്കി പണിതു. രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി  തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കെട്ടിടം പണി ഉടന്‍ തുടങ്ങുവാന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്  നിര്‍ദ്ദേശം നല്‍കി

നിരോധിത ഉല്‍പന്ന പ്രദര്‍ശനം നഗരസഭകളിലേക്ക് 

ജില്ലയിലെ എല്ലാ നഗരസഭാ പ്രദേശങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ജില്ലാ ശുചിത്വമിഷന്‍ അറിയിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെയും ജില്ലാ ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ദി പ്ലാസ്റ്റിക് ! എന്ന സംവാദ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി നിരോധിത ഉല്‍പ്പന്നങ്ങളുടെ ഒരു പ്രദര്‍ശനം കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ നടത്തിയിരുന്നു. ഓരോ ഉല്‍പ്പന്നങ്ങളും നിരോധിക്കാന്‍ ഉണ്ടായ കാരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനം ജനശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിക്കുന്ന ചില റീലുകളും മറ്റ് പോസ്റ്റുകളും പ്ലാസ്റ്റിക് നിരോധനത്തെയും ഹരിത കര്‍മ്മസേനയുടെ  പ്രവര്‍ത്തനങ്ങളെക്കുറിച്ചും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രദര്‍ശനം വ്യാപകമായി സംഘടിപ്പിക്കാന്‍ ശുചിത്വ മിഷന്‍ തീരുമാനിച്ചത്. ഒറ്റത്തവണ ഉപയോഗവസ്തുക്കളും റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത കനമുള്ള പ്ലാസ്റ്റിക് കവറുകളും മാത്രമാണ് നിരോധിച്ചത്. മാലിന്യത്തിന്റെ തോത് കുറക്കാന്‍ വേണ്ടി 300 മില്ലി കുടിവെള്ളക്കുപ്പികളും നിരോധിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് നിരോധനത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ചുള്ള പ്രദര്‍ശനം നടത്തിയത്.


തപാല്‍ അദാലത്ത് 27ന്

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ തപാല്‍ അദാലത്ത് മാര്‍ച്ച് 27ന് വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം സൂപ്രണ്ട് പോസ്റ്റ് ഓഫീസില്‍ നടക്കും. മെയില്‍സ്, സ്പീഡ് പോസ്റ്റ്, പാഴ്‌സല്‍സ്, സേവിങ്ങ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ തപാല്‍ മാര്‍ഗവും അയക്കാം. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ മാര്‍ച്ച് 21ന് മുമ്പ് ലഭിക്കണം. കവറിന് മുകളില്‍ ‘ഡാക് അദാലത്ത്’ എന്ന് എഴുതണം.

ജില്ലാ ആസൂത്രണ സമിതിയോഗം
66 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 
വാര്‍ഷിക പദ്ധതിഭേദഗതിക്ക് അംഗീകാരം 
ജില്ലയിലെ 66 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ഓണ്‍ലൈനായി നടത്തിയ ആസൂത്രണ സമിതി യോഗത്തില്‍ ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി എന്നീ നഗരസഭകളുടേയും കണ്ണൂര്‍ കോര്‍പറേഷന്റേയും നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 വര്‍ഷത്തെ ആക്ഷന്‍ പ്ലാനിനും അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.  ആസൂത്രണ സമിതി അംഗങ്ങൾ  ജനപ്രതിനിധികൾ  തുടങ്ങിയര്‍ പങ്കെടുത്തു.

സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ‘ആദിവാസി മഹിളാ സശാക്തീകരണ്‍  യോജന” പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. തൊഴില്‍ രഹിതരായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതികള്‍ക്ക് സ്വയം  തൊഴില്‍  വായ്പ  അനുവദിക്കുന്ന പദ്ധതിയാണിത്. പരമാവധി  രണ്ട് ലക്ഷം രൂപയാണ്  വായ്പ.
കുടുംബവാര്‍ഷിക  വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള 18  നും  55 നും  ഇടയില്‍  പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തുകക്ക്  കോര്‍പ്പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ  ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷ  ഫോറവും  വിശദ  വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972705036, 9400068513.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 11ന്

ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ഉപയോഗിക്കുന്ന വിവിധ സാമഗ്രികളുടെ/ സാധനങ്ങളുടെ/ വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ അവലോകന യോഗം മാര്‍ച്ച് 11ന് രാവിലെ 10.30ന് കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

നാഷണല്‍ ആയുഷ് മിഷന്‍ വഴി ചൊക്ലി ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 11ന് രാവിലെ 10 മണിക്ക്  ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍: 8089524645.

അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

സി ഡിറ്റ് അഞ്ച് മുതല്‍ പ്ലസ്ടൂ വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.  പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിങ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൗണ്ടിങ്, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിങ്, റോബോട്ടിക്സ് വീഡിയോ സര്‍വൈലന്‍സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും,  വൈബ്രന്റ് ഐടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിങ്, ആഗ്മെന്റഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ എത്തിക്സ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലും പരിശീലനം നല്‍കും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സിഡിറ്റിന്റെ അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍ വഴിയാണ് കുട്ടികള്‍ക്ക്  രണ്ടു മാസത്തെ പരിശീലനം നല്‍കുക. ക്ലാസ്സുകള്‍ ഏപ്രില്‍ ഒന്നിന് തുടങ്ങി മെയ് 31നു അവസാനിക്കും.  പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും.  പരിശീലനത്തില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. രജിസ്ട്രേഷന്‍ bit.ly/48Goc0z എന്ന ഗൂഗിള്‍ ലിങ്കുവഴി ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ www.tet.cdit.org ല്‍ ലഭിക്കും.

നാഷണല്‍ ലോക് അദാലത്ത് 9ന്

കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ മാര്‍ച്ച് ഒമ്പതിന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹന അപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയും  കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് കോടതികളില്‍ നിലവിലില്ലാത്ത പരാതികളും മാര്‍ച്ച് ഒമ്പതിന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളില്‍ നടത്തുന്നു.  കൂടാതെ എല്ലാ മജിസ്ട്രേറ്റ് കോടതികളിലും സ്പെഷ്യല്‍ സിറ്റിങ് ഉണ്ടായിരിക്കും.  പിഴയടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാനും അവസരമുണ്ട്.  ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവര്‍ കൃത്യസമയത്ത് ജില്ലാ കോടതി പരിസരത്ത് എത്തണമെന്ന് സബ് ജഡ്ജി അറിയിച്ചു. ഫോണ്‍: 0490 2344666.

കൂടുതല്‍ ആകര്‍ഷകമാക്കി തപാല്‍ വകുപ്പിന്റെ അപകട ഇന്‍ഷൂറന്‍സ്

കൂടുതല്‍ ആകര്‍ഷകമാക്കി തപാല്‍ വകുപ്പിന്റെ കീഴില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബേങ്കിന്റെ അപടക ഇന്‍ഷൂറന്‍സ് പദ്ധതി.  699, 755, 799 പ്രീമിയത്തില്‍ 10 ലക്ഷം മുതല്‍ 15 ലക്ഷം വരെയുള്ള കവറേജുകള്‍ തൊഴില്‍ മേഖലയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കാം.  18 വയസ് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് അപടക ഇന്‍ഷൂറന്‍സ് എടുക്കാം. പോളിസി ഉടമ അപകടം മൂലം മരിച്ചാല്‍ 10/15 ലക്ഷം രൂപ നോമിനിക്ക് ലഭിക്കും.  പൂര്‍ണമായോ ഭാഗികമായോ അംഗവൈകല്യം സംഭവിച്ചാല്‍ അനുസൃതമായ തുക ഗുണഭോക്താവിന് ലഭിക്കും.  കൂടാതെ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടക്കേണ്ടിവന്നാല്‍ ഒരു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകള്‍ അവകാശപ്പെടാം. പോളിസി ഉപഭോക്താവിന്റെ വിയോഗത്തില്‍ അവരുടെ കുട്ടികള്‍ക്കായുള്ള പഠനസഹായവും ഇതിലൂടെ ലഭിക്കും. കൂടാതെ പോളിസിയെടുക്കുന്ന എല്ലാവര്‍ക്കും 1500 രൂപയുടെ പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പ് വൗച്ചര്‍ സൗജന്യമായി നല്‍കും.  ഇതിലൂടെ 3000 രൂപയോളം വരുന്ന ലാബ് ടെസ്റ്റുകള്‍ സൗജന്യമായി നിശ്ചിത ലാബുകളില്‍ നടത്താം.

ഏകദിന പരിശീലനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം ബയോ വേസ്റ്റ് മാനേജ്മെന്റില്‍ ഏകദിന പരിശീലനം നല്‍കുന്നു.  മാര്‍ച്ച് 13ന് നടത്തുന്ന സൗജന്യ പരിശീലനത്തിന് എസ് എസ് എല്‍ സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍: 8129295250.

പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 12, 13 തീയതികളില്‍ നടത്തുന്ന സൗജന്യ പരിശീലനത്തിന് എസ് എസ് എല്‍ സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447411318, 8129295250.

ഖാദി മാലകളുടെ വിപണനോദ്ഘാടനം ഒമ്പതിന്

പയ്യന്നൂര്‍ ഖാദി കേന്ദ്രം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഖാദി നൂല്‍ ഉപയോഗിച്ച് വിവിധ നിറത്തിലുള്ള ഖാദി മാലകള്‍ വിപണിയിലിറക്കുന്നു. വിപണനോദ്ഘാടനം മാര്‍ച്ച് ഒമ്പതിന് രാവിലെ 10.30ന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിക്കും.

കെല്‍ട്രോണില്‍ വനിതകള്‍ക്ക് ഫീസിളവ്

വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്സിലേക്ക് വനിതകള്‍ക്ക് ഫീസിളവോടെ പ്രവേശനം നേടാം. ഫോണ്‍: 9072592412, 9072592416.

ടെണ്ടര്‍

പാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 2024 – 25 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 25ന് രാവിലെ 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

ക്വട്ടേഷന്‍

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളിലും പോളിങ് ബൂത്തുകളിലും വീഡിയോഗ്രാഫി ചെയ്യുന്നതിന് ദിവസവാടക വ്യവസ്ഥയില്‍ (വീഡിയോഗ്രാഫര്‍ വീഡിയോ ക്യാമറ ഉള്‍പ്പെടെ) വീഡിയോ എടുത്ത് സി ഡി കൈമാറുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 12ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2709140.

ലേലം

കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ മാര്‍ച്ച് മുതല്‍ ഡിസംബര്‍ 31 വരെ ശേഖരിക്കുന്നതിനുള്ള അവകാശം മാര്‍ച്ച് 19ന് രാവിലെ 11.30ന് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2781316.

About The Author