പെരളശ്ശേരിയില്‍ സോളാര്‍പാടം സജ്ജം

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പിലാഞ്ഞിയിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തരിശ്ശായിക്കിടന്ന സ്ഥലത്ത് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമായി. 1500 ചതുരശ്ര മീറ്ററില്‍ 545 വാട്ട് ശേഷിയുള്ള 276 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മാര്‍ച്ച് 11ന് ഉച്ചക്ക് 12 മണിക്ക് വടക്കുമ്പാട് വ്യവസായ എസ്റ്റേറ്റ് പരിസരത്ത് നിര്‍വഹിക്കും.
ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ വൈദ്യുതി നിലയമാണിത്. ഈ സോളാര്‍ പവര്‍ പ്ലാന്റില്‍ നിന്നും പ്രതിദിനം ശരാശരി 600 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. ഉയര്‍ന്ന കാര്യക്ഷമതയുള്ള അതിനൂതന മോണോ പെര്‍ക്ക് സാങ്കേതികവിദ്യയിലുള്ള സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. റുര്‍ബന്‍ പദ്ധതി പ്രകാരം 1.25 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന് കീഴിലുള്ള മറ്റു ഓഫീസുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി കൊണ്ട് സാധിക്കും. പഞ്ചായത്തിലെ മുഴുവന്‍ സ്ട്രീറ്റ് ലൈറ്റുകളും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാം. നവകേരള മിഷന്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പഞ്ചായത്താണ് പെരളശ്ശേരി. നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യത്തിലേക്കുള്ള പെരളശ്ശേരി പഞ്ചായത്തിന്റെ പ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി. കെ എസ് ഇ ബി ഡിപ്പോസിറ്റ് വര്‍ക്ക് ഇനത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതി പൊതുമേഖല സ്ഥാപനമായ ഇന്‍കെലാണ് നടപ്പാക്കിയത്.

About The Author