ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു: സ്പീക്കര്‍ എ എന്‍ ഷംസീര്‍

ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. ചാലോടിൽ റെയ്ഡ്കോ സഹകരണ മെഡിക്കൽ സ്റ്റോർ ആന്റ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനോപകാരപ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു. മരുന്നിന്റെ വില വർധിക്കുന്ന അവസരങ്ങളിൽ ഉൾപ്പെടെ സഹകരണ സ്ഥാപനങ്ങൾ നടത്തിയ ഇടപെടലുകൾ ആരോഗ്യമേഖലയുടെ പുരോഗതിക്ക് മുതൽക്കൂട്ടായി. വൈവിധ്യവൽക്കരണത്തിലൂടെ സാധാരണക്കാരന് ആശ്വാസം പകരുന്ന ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ റെയ്ഡ്കോ ഉൾപ്പെടെയുള്ള സഹകരണ പ്രസ്ഥാനങ്ങൾ മുന്നോട്ട് പോവുകയാണെന്ന് സ്പീക്കർ പറഞ്ഞു.
അലോപ്പതി മരുന്നുകൾക്ക് 10 ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചാണ് ചാലോടിലെ റെയ്ഡ്കോ സഹകരണ മെഡിക്കൽ സ്റ്റോറിലെ വിൽപ്പന. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ക്ലിനിക്കും മെഡിക്കൽ സ്റ്റോറിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഓരോ വിഭാഗത്തിന്റെയും ഓരോ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി എ കെ ജി മെമ്മോറിയൽ സഹകരണ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.
പരിപാടിയിൽ റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എം  രതീഷ്, റെയ്ഡ്കോ ഡയറക്ടർ അഡ്വ. വാസു തോട്ടത്തിൽ, മാനേജിങ് ഡയറക്ടർ സി പി മനോജ്‌കുമാർ, എ കെ ജി ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ, ഡയറക്ടർ ഡോ. കെ പി ബാലകൃഷ്ണ പൊതുവാൾ, ഡോ. പ്രശോഭ്, ഡോ. എ രാമചന്ദ്രൻ, ഡോ. കെ സി വത്സല, വിവിധ സംഘടനാ പ്രതിനിധികളായ കെ വി പ്രജീഷ്, ഒ കെ പ്രസാദ്, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

About The Author