വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വനിതാ ദിനം; വിവിധ ആരോഗ്യ പരിപാടികള്‍ നടക്കും

വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.
‘സ്ത്രീകളില്‍ അസ്ഥി ധാതു സംരക്ഷണം’ എന്ന വിഷയത്തില്‍ ക്ലാസ്, രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സൗജന്യ അസ്ഥി സാന്ദ്രതാ നിര്‍ണ്ണയ ക്യാമ്പ് എന്നിവ നടക്കും. ‘സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് നമുക്ക് എന്തറിയാം’ എന്ന വിഷയത്തില്‍ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും നടത്തും. മാര്‍ച്ച് ആറ്, ഏഴ്, എട്ട് തീയതികളില്‍ വനിതകള്‍ക്കായി ഒരു മണിക്കൂര്‍ വീതം യോഗാ ക്യാമ്പും സംഘടിപ്പിക്കും. പൂര്‍വ്വിക ശ്രേഷ്ഠ വനിതാ രത്‌നം പുരസ്‌കാരം ജില്ലാ ആയുര്‍വേദ ആശുപത്രി റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് ഓമന ഏറ്റുവാങ്ങും. ഫോണ്‍: 9497551645.

ട്രഷറി  നിക്ഷേപം: ആകര്‍ഷകമായ പലിശനിരക്ക്

മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ ട്രഷറികളില്‍ നിക്ഷേപിക്കുന്ന 91 ദിവസത്തേക്കുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി.  ഈ കാലയളവില്‍ പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ എന്നിവ തനത് ഫണ്ട്/ ലാഭം എന്നിവയില്‍ നിന്നും അഞ്ചുകോടി രൂപക്ക് മുകളിലുള്ള തുക ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ ആറുമാസം മുതലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം പലിശയും ലഭിക്കും.

വ്യവസായ ഉല്‍പ്പന്ന വിപണന മേള തുടങ്ങി

ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന  ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള തലശ്ശേരി സിറ്റി സെന്ററില്‍ തുടങ്ങി. തലശ്ശേരി കാര്‍ണിവലിനോടനുബന്ധിച്ച് നടക്കുന്ന മേള സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ കെ എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് മേളയുടെ ലക്ഷ്യം. 36 സംരംഭക സ്റ്റാളുകളുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, ഫര്‍ണ്ണിച്ചര്‍ തുടങ്ങിയവ ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ എസ് ഷിറാസ്, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, കെഎസ്എസ്‌ഐഎ ജില്ലാ സെക്രട്ടറി സി പ്രമോദ്, കെഐടിടിഎസ് ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ സി പി ബീന, ഉപജില്ലാ വ്യവസായ ഓഫീസര്‍ ടി അഷ്ഹൂര്‍, തലശ്ശേരി വികസന ഓഫീസര്‍ പി എ രജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മേള മാര്‍ച്ച് ഏഴിന് സമാപിക്കും.

കുടിശ്ശിക തീര്‍പ്പാക്കണം

കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇളവുകളോട് കൂടി കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അവസരം മാര്‍ച്ച് 31 വരെ നീട്ടി. ഇതിനുശേഷം യാതൊരു ആനുകൂല്യങ്ങളും നല്‍കുന്നതല്ലെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700057 ഇമെയില്‍: poknr@kkvib.org


മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 11ന് രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2787644

നാഷണല്‍ ആയുഷ് മിഷന്‍ വഴി തയ്യില്‍ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം/ബി എസ് സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് തയ്യില്‍ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 9447390693, 0497 2733307.

താല്‍ക്കാലിക അധ്യാപക നിയമനം

തളിപ്പറമ്പ് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, മ്യൂസിക്, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഒഴിവു വരുന്ന മുറക്ക് നിയമനം നടത്തുന്നതിനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ കണക്ക് വിഷയത്തില്‍ നിലവിലുള്ള ഒഴിവിലേക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഒഴിവു വരുന്ന മുറക്ക് നിയമനം നടത്തുന്നതിനുമാണ് അപേക്ഷ ക്ഷണിച്ചത്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഏപ്രില്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357, 0460 2996794.

അപേക്ഷ ക്ഷണിച്ചു

സിഡിറ്റിന്റെ  ജില്ലയിലെ പഠന കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്ങ്, ഡാറ്റാ എന്‍ട്രി, ഡി ടി പി, എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ് എല്‍ സി. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവും ലഭിക്കും. ഫോണ്‍ : 9947763222.

തടി ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്കിതര തടികളുടെ വില്‍പന മാര്‍ച്ച് 14ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച ഇരൂള്‍, ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നി തുടങ്ങിയ തടികള്‍ വിവിധ അളവുകളില്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

അപേക്ഷ ക്ഷണിച്ചു

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക  വികസന നിധിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, മുച്ചക്ര സ്‌ക്കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് – 14, 15, 38, മലപ്പട്ടം ഗ്രാമപഞ്ചായത്ത് വാര്‍ഡ്- 10, ഉളിക്കല്‍ വാര്‍ഡ് -20, അഞ്ചരക്കണ്ടി വാര്‍ഡ്- 11, മുഴപ്പിലങ്ങാട് വാര്‍ഡ്- 5, കീഴല്ലൂര്‍ വാര്‍ഡ്- 10, 11, നാറാത്ത് വാര്‍ഡ്-5, പെരളശ്ശേരി വാര്‍ഡ് -4, 12,  മാലൂര്‍ വാര്‍ഡ്-14, ചിറ്റാരിപ്പറമ്പ് വാര്‍ഡ്- 6 എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് വീല്‍ ചെയറിന് അപേക്ഷിക്കാം. മുച്ചക്ര സ്‌കൂട്ടറിന് പാപ്പിനിശ്ശേരി വാര്‍ഡ് -8, കണ്ണൂര്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് -14, 33, മാങ്ങാട്ടിടം വാര്‍ഡ് – 3, പായം വാര്‍ഡ് – 6 എന്നിവിടങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍, മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒ യില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മാര്‍ച്ച് 11ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം.  ഫോണ്‍: 8281999015.

ലേലം

കണ്ണൂര്‍ സിറ്റി പൊലീസ് ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്ന വിവിധ പൊലീസ് സ്റ്റേഷന്‍ പരിസരത്തും ചക്കരക്കല്‍ ഡമ്പിങ് യാര്‍ഡിലുമായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ  www.mstcecommerce.com മുഖേന ഇ ലേലം ചെയ്യും. ഫോണ്‍: 0497 2763339, 9497925858.

About The Author