വേനല്‍ ഏറുന്നു; മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം: ദുരന്ത നിവാരണ സമിതി യോഗം

വരള്‍ച്ച നേരിടുന്നതിന് ബന്ധപ്പെട്ട ഓരോ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാകലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദ്ദേശിച്ചു. വരും ദിവസങ്ങളില്‍ വേനല്‍ ഇനിയും കടുക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ജാഗ്രതയോടെ ഈ സാഹചര്യത്തെ കാണണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ 13 തദ്ദേശസ്ഥാപനങ്ങളിലാണ് നിലവില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ചപ്പാരപ്പടവ്, ചെറുപുഴ, ചിറക്കല്‍, കണിച്ചാര്‍, കാങ്കോല്‍-ആലപ്പടമ്പ്, കേളകം, കീഴല്ലൂര്‍, നടുവില്‍, ന്യൂമാഹി, പെരിങ്ങോം-വയക്കര, രാമന്തളി, പാനൂര്‍, ശ്രീകണ്ഠാപുരം എന്നിവയാണവ. ഈ സംഖ്യയും കൂടാനാണ് സാധ്യത.

വിവിധ വകുപ്പുകള്‍ വരള്‍ച്ചയെ നേരിടുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളും യോഗം നിര്‍ദ്ദേശിച്ചു. കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടത്താനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പ്രാദേശികമായി കുടിവെള്ള ലഭിക്കുന്നതിനുള്ള തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുക, കിയോസ്‌കുകള്‍ പരിശോധിച്ച് പുനരുജ്ജീവിപ്പിക്കുക, ടാങ്കര്‍ ലോറികളിലെ ജലവിതരണം, അതിനായി ഫില്ലിംഗ് സ്റ്റേഷനുകള്‍ ഒരുക്കല്‍, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, ജലമലിനീകരണമില്ലെന്നുറപ്പ് വരുത്തല്‍, പൊതുകിണറുകളുടെ സംരക്ഷണം; പുനരുജ്ജീവനം, തൊഴിലുറപ്പ് തൊഴിലുകളുടെ സമയക്രമീകരണം, പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ മരുന്നുകള്‍ ഉറപ്പ് വരുത്തല്‍, ബോധവല്‍ക്കരണം എന്നിവയും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍വ്വഹിക്കണം.

വേനല്‍ക്കാല രോഗ ബോധവല്‍ക്കരണം, ആശുപത്രികളിലേയും ആരോഗ്യ കേന്ദ്രങ്ങളിലേയും സമയക്രമീകരണം, ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കല്‍,ഒ ആര്‍ എസ് , ശുദ്ധജലം ഐസ് പാക്ക് എന്നിവ പി എച്ച് സി കളിലും മറ്റ് ആശുപത്രികളിലും ഉറപ്പ് വരുത്തല്‍. കടുത്ത ചൂടിലുള്ള ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും നിരീക്ഷിക്കല്‍ തുടങ്ങിയവ ആരോഗ്യ വകുപ്പ് നിര്‍വ്വഹിക്കണം.

വാര്‍ഷിക പരീക്ഷാ സമയത്ത് കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക, പരീക്ഷ ഹാളുകളിലും ക്ലാസ് മുറികളിലും ഫാനുകളും വായുസഞ്ചാരവും ഉറപ്പ് വരുത്തുക, മുഴുവന്‍ വിദ്യാലയങ്ങളിലും വാട്ടര്‍ ബെല്‍ സമ്പ്രദായം നടപ്പാക്കുക, ഒ ആര്‍ എസ്, ജീവന്‍ രക്ഷാമരുന്നുകള്‍ ലഭ്യമാക്കുക. സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് അധ്യാപകരേയും ജീവിക്കാരെയും ബോധവല്‍ക്കരിക്കുക, അസംബ്ലികള്‍, പി ഇ ടി പിരീഡുകള്‍ നിയന്ത്രിക്കുക, യൂണിഫോമില്‍ ഇളവ് നല്‍കുക, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നുറപ്പ് വരുത്തുക തുടങ്ങിയവയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യണ്ടത്.
തൊഴില്‍ സമയക്രമീകരണം, തൊഴിലാളികള്‍ക്ക് വിശ്രമസ്ഥലം ശുദ്ധജല ലഭ്യത, ഐസ് പാക്കറ്റ്, ഒ ആര്‍ എസ് തുടങ്ങിയവ ലഭ്യമാക്കല്‍, അതിഥി തൊഴിലാളികള്‍ക്കായി ഇതര ഭാഷകളില്‍ നിര്‍ദേശങ്ങള്‍ നല്‍കുക. തൊഴിലിടങ്ങളിലെ പരിശോധന തുടങ്ങിയവ ലേബര്‍ ഓഫീസ് നിര്‍വ്വഹിക്കണം.

ജലക്ഷാമം രൂക്ഷമായ കൃഷിയിടങ്ങള്‍ കണ്ടെത്തല്‍, ജലസ്രോതസുകളുടെ പുനരുജജീവനം, ഡ്രിപ് ഇറിഗേഷന്‍ പ്രോത്സാഹിപ്പിക്കല്‍, ബോധവല്‍ക്കരണം തുടങ്ങിയവ കൃഷിവകുപ്പ് നടത്തണം.

കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തല്‍, കുടിവെള്ള വിതരണം നടപ്പിലാക്കല്‍, മഴയുടെ അളവ്, അണക്കെട്ടുകളിലേയും ജലലഭ്യത, അന്തരീക്ഷതാപനില നിരീക്ഷിക്കല്‍, കണ്‍ട്രോള്‍ റൂം ഒരുക്കല്‍, കനാല്‍ മാര്‍ഗ്ഗമുള്ള ജലസേചനം, ബോധവല്‍ക്കരണ ക്യാമ്പയിന്‍ എന്നിവ വാട്ടര്‍ അതോറിറ്റി നിര്‍വ്വഹിക്കണം.

ആശുപത്രികള്‍ പോലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്ക് ഒരു കാരണവശാലും ഒരു സമയത്തും വൈദ്യുതി മുടങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുക, പകല്‍ 11 മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങാതെ നോക്കുക, ലൈന്‍ മാന്‍മാര്‍ മറ്റ് ജോലിക്കാര്‍ എന്നിവര്‍ക്ക് സൂര്യാഘാതം, സൂര്യതാപം സംബന്ധിച്ച അറിയിപ്പ് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ വൈദ്യുതി വകുപ്പ് നിര്‍വ്വഹിക്കണം. അങ്കണവാടികള്‍ ഉഷണകാലത്ത് തുറന്ന് പ്രവര്‍ത്തിക്കണം. എത്തിയ കുഞ്ഞുങ്ങളെ പകല്‍ സമയം പുറത്ത് വിടരുത്. വനത്തില്‍ താമസിക്കുന്ന ആദിവാസികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. ട്രാഫിക് ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥരെ മൂന്ന് മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ മാറ്റണം. വെയിലത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൂളിംഗ് ഗ്ലാസുകള്‍, കൈമുട്ട് വരെ ഇറക്കമുള്ള ഗ്ലൗസുകള്‍ എന്നിവ ധരിക്കണം, മൃഗങ്ങള്‍ക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പാക്കണം. മൃഗാശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഉറപ്പ് വരുത്തണം.

വനിതാ ശിശുക്ഷേമ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വനം വന്യജീവി സംരക്ഷണ വകുപ്പ്, അഗ്‌നിരക്ഷാസേന, ടൂറിസം, ഐ ആന്റ് പി ആര്‍ ഡി തുടങ്ങിയ വകുപ്പുകള്‍ വേനല്‍കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളും യോഗം നിര്‍ദ്ദേശിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് നാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ഡി എഫ് ഒ വൈശാഖ്, ഡി എം ഡെപ്യൂട്ടി കലക്ടര്‍ കെ അജേഷ്, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

About The Author