സിസ തോമസിനെതിരായ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി: ഹർജി സുപ്രീം കോടതി വാദം കേൾക്കാതെ തള്ളി

കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ സിസ തോമസിനെതിരായ കേസില്‍ സംസ്ഥാന സർക്കാർ ഹർജി തള്ളി സുപ്രീം കോടതി. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും സുപ്രീംകോടതി കേസിൽ വിശദമായ വാദം പോലും കേൾക്കാതെയാണ് സർക്കാരിന്റെ ഹർജി തള്ളിയത്. സർക്കാരിന്‍റെ അനുമതി കൂടാതെ വൈസ് ചാന്‍സിലര്‍ പദവി ഏറ്റെടുത്ത സിസ തോമസിനെതിരെ അച്ചടക്ക നടപടിക്കുള്ള നീക്കം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടര്‍ന്നായിരുന്നു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ യുജിസി ചട്ടങ്ങൾ പ്രകാരം സിസ തോമസിനെ താൽകാലിക വൈസ് ചാൻസലർ ആയി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. തുടർന്ന് സർക്കാറിന്‍റെ അനുമതി കൂടാതെ വി സി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ച് സിസ തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. തനിക്കെതിരായുള്ള സർക്കാരിന്റെ നോട്ടീസിനെതിരെ സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷ നടപടികൾ തുടരാമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ സിസ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും സിസയെ നിയമിച്ചത് യൂണിവേഴ്‌സിറ്റി യുജിസി ചട്ടങ്ങൾ അനുസരിച്ചാണെന്നും ഉത്തരവിട്ടു. ഈ വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

About The Author