‘ചുമതലകളില്‍നിന്ന് ഒഴിവാക്കിത്തരണം’; ഗൗതം ഗംഭീര്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീര്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കി തരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് ഗംഭീര്‍ ആവശ്യപ്പെട്ടു. ഗംഭീര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘വരാനിരിക്കുന്ന ക്രിക്കറ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഏറ്റിട്ടുണ്ട്. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി എന്റെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷായോടും ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ജയ്ഹിന്ദ്’, ഗംഭീര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഇതോടെ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗംഭീര്‍ മത്സരിക്കില്ലെന്നുറപ്പായിട്ടുണ്ട്. 2019 മാര്‍ച്ചിലാണ് ഗംഭീര്‍ ബിജെപിയില്‍ ചേരുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുമാണ് അദ്ദേഹം വിജയിച്ചത്.

About The Author