കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാർഡ് വെയർ ടെക്നീഷ്യൻ താൽക്കാലിക നിയമനം

കണ്ണൂർ സർവകലാശാല ഐ ടി ഡയറക്ടറേറ്റിലേക്ക് പരമാവധി 89 ദിവസത്തേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ഹാർഡ് വെയർ ടെക്നീഷ്യൻ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക്  നിയമനം നടത്തുന്നത്തിനുള്ള വാക്-ഇൻ ഇൻറർവ്യൂ 2024 മാർച്ച് 4 ന് 11. 30 ന് സർവകലാശാല ആസ്ഥാനത്ത് നടക്കും. യോഗ്യതയും പ്രായപരിധിയും സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെട്ട യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സർവകലാശാല ആസ്ഥാനത്തെ ഐടി ഡയറക്ടറേറ്റിൽ ഇന്റർവ്യൂവിന് എത്തണം.

സ്പോർട്സ് ഗ്രേസ് മാർക്ക്

2023 – 24 അധ്യയന വർഷത്തെ സ്പോർട്സ് ഗ്രേസ് മാർക്കിന് അർഹരായ ബിരുദ/ ബിരുദാനന്തര ബിരുദ/ പ്രൊഫഷനൽ കോഴ്സ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ക്ഷണിക്കുന്നു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത പ്രോഫോർമയിൽ തയ്യാറാക്കിയ വിവരങ്ങൾ ഗ്രേസ് മാർക്കിന് അർഹരായ കുട്ടികളുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, സംസ്ഥാന/ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ  പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, കണ്ണൂർ സർവകലാശാല ക്യാമ്പസ് പി ഒ, മാങ്ങാട്ടുപറമ്പ്, കണ്ണൂർ – 670567 എന്ന വിലാസത്തിൽ മാർച്ച് 31ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷാ തീയതി നീട്ടി

2023-24 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ എം എ ഹിസ്റ്ററി പ്രോഗ്രാമിന് 01.03.2024 (വെള്ളിയാഴ്ച) മുതൽ 07.03.2024 (വ്യാഴാഴ്ച) വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 13.03.2024ന് (ബുധൻ) വൈകിട്ട് 4 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ

ആറാം സെമസ്റ്റർ ബി എം എം സി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024, പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷകൾ 2024 മാർച്ച് 04, 05 എന്നീ തീയതികളിലും ബി എസ് സി ലൈഫ് സയൻസസ് (സുവോളജി) &കമ്പ്യൂട്ടേഷണൽ ബയോളജി ഡിഗ്രിയുടെ കമ്പ്യൂട്ടേഷണൽ ബയോളജി കോഴ്സിന്റെ  പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ 2024 മാർച്ച് 18, 19 എന്നീ  തീയതികളിലും അതതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

ഹാൾ ടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിൽ 2023 അധ്യയന വർഷം പുതുതായി ആരംഭിച്ച ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2023 ) പരീക്ഷകൾ മാർച്ച് 5 ന് ആരംഭിക്കും .പ്രസ്തുത പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുതുക്കിയ ടൈം ടേബിൾ 

2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഒക്ടോബർ 2023 )പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം എസ് സി കൗൺസിലിംഗ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യ നിർണ്ണയം/ സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12-03-2024, വൈകുന്നേരം 5 മണി വരെ.

About The Author