ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഗനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു. മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

യുഡിഎഫിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി. നേതാക്കളുടെ സേവനം എല്ലായിടത്തും ലഭിക്കാനാണ് മലപ്പുറത്ത് സീറ്റുകൾ വെച്ചുമാറിയതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. രാജ്യസഭാ സ്ഥാനാർത്ഥിയെ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

നേരത്തെ ആലുവയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലായിരുന്നു മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നൽകാനുള്ള ധാരണയായത്.

About The Author