വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മുഖ്യമന്ത്രിയുടെ മുഖാമുഖം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഫെബ്രുവരി 24ന് ശനിയാഴ്ച ദിനേശ് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം നടക്കുക. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.  ജില്ലയില്‍ നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളില്‍ നിന്നുമായി 1200 പേര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. ആദിവാസി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നും ഊര് മൂപ്പന്‍മാര്‍, മൂപ്പത്തിമാര്‍, പ്രഫഷണലുകള്‍, യുവജനങ്ങള്‍, സംരംഭകര്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ മുഖാമുഖത്തിന്റെ ഭാഗമാവും. പട്ടികജാതി മേഖലയില്‍ നിന്നും എഴുന്നൂറ് പേര്‍, പട്ടികവര്‍ഗ്ഗ മേഖലയില്‍ നിന്നും അഞ്ഞൂറ് പേര്‍ ഉള്‍പ്പെടെയാണ് 1200 പേര്‍ പങ്കെടുക്കുക. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് മുഖാമുഖത്തിന് മുന്നോടിയായി നടത്തിയത്. നവമാധ്യമങ്ങള്‍, ബോര്‍ഡുകള്‍ ബാനറുകള്‍, കലാജാഥകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയായിരുന്നു പ്രചാരണം.


ടൂറിസം പദ്ധതികള്‍ക്ക് 1.99 കോടി രൂപയുടെ ഭരണാനുമതി

ജില്ലയിലെ വിവിധ ടൂറിസം പദ്ധതികള്‍ക്കായി 1.99 കോടി രൂപയുടെ ഭരണാനുമതി. പാറപ്രം റെഗുലേറ്ററി കം ബ്രിഡ്ജിനോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്ക്, തലശ്ശേരി ഫോര്‍ട്ട് വാക് പദ്ധതി എന്നിവയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടാണ് അനുവദിച്ചത്.
പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്കിന് 99.21 ലക്ഷം രൂപയുടെ അനുമതിയാണ് ലഭ്യമായത്. ഐലന്റ് ടൂറിസം ഹബ്ബ് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, ഓപ്പൺ ജിം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കഫ്‌റ്റേരിയ, കിയോസ്‌ക്, ടോയ്ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
തലശ്ശേരി ബീച്ച് ടൂറിസം കേന്ദ്രമായ ജവഹര്‍ ഘട്ടിനോട് ചേര്‍ന്നാണ് ഫോര്‍ട്ട് വാക് പദ്ധതി നടപ്പാക്കുന്നത്. സ്വാതന്ത്ര സമര പോരാട്ടങ്ങളില്‍ ജീവ മൃത്യു വരിച്ച അബു, ചാത്തുക്കുട്ടി എന്നിവരുടെ സ്മരണക്കായുള്ള സ്മൃതി മണ്ഡപമായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ തലശ്ശേരി കോട്ട, സെന്റ് ആംഗ്ലിക്കന്‍ ചര്‍ച്ച് എന്നീ കേന്ദ്രങ്ങളുടെ സമീപത്തായാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 99.99 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

മട്ടന്നൂര്‍ റവന്യൂ ടവര്‍ ഉദ്ഘാടനം ശനിയാഴ്ച

മട്ടന്നൂരിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മട്ടന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം ഫെബ്രുവരി 24ന് രാവിലെ 11.30ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. റവന്യൂ ടവര്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിക്കും.
മട്ടന്നൂര്‍ ടൗണില്‍ പഴശ്ശി ജലസേചന വകുപ്പില്‍ നിന്നും വിട്ടുകിട്ടിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് 34.3 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് റവന്യൂ ടവര്‍ നിര്‍മ്മിച്ചത്. 5234 ച. മീ. കെട്ടിടവും 511 ച.മീ.  കാന്റീന്‍ ബ്ലോക്കുമാണ് നിര്‍മ്മിച്ചത്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2021 സെപ്തംബറില്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. ഗ്രൗണ്ട് ഫ്‌ളോറില്‍ ഇലക്ട്രിക്കല്‍ റൂം, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ്, കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ എ ഇ ഒ ഓഫീസ്, എസ് എസ് എ- ബി ആര്‍ സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയും രണ്ടാം നിലയില്‍ ഐ സി ഡി എസ് ഓഫീസ്, എല്‍ എ കിന്‍ഫ്ര, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവയുമാണ് ഉള്ളത്.
മൂന്നാം നിലയില്‍ എല്‍ എ എയര്‍പോര്‍ട്ട് ഓഫീസ്, ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ്, പഴശ്ശി ഇറിഗേഷന്‍, മട്ടന്നൂര്‍ വെക്റ്റര്‍ കണ്‍ട്രോള്‍ ഓഫീസ്, പുരാവസ്തു വകുപ്പ് ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാലാംനിലയില്‍ വീഡിയോ കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.

ജില്ലാ വികസന സമിതി യോഗം മാറ്റിവച്ചു


ഫെബ്രുവരി 24 ശനിയാഴ്ച നടക്കേണ്ട  ജില്ലാ വികസന സമിതി യോഗം മാർച്ച് രണ്ട്  ശനിയാഴ്ച്ച രാവിലെ 11.00 മണിക്ക് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

ജില്ലാ ആസൂത്രണ സമിതി യോഗം 26ന്

ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 26ന് ഉച്ചക്ക് രണ്ട് മണിക്ക് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം 26ന്

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഫെബ്രുവരി  26ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേരും.

തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കണം

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം പുതുക്കി രണ്ട് വര്‍ഷം പൂര്‍ത്തിയായവരും ഇതുവരെ അംഗത്വം പുതുക്കാത്തവരും ക്ഷേമനിധി അംഗത്വം മാര്‍ച്ച് 31നകം പുതുക്കേണ്ടതാണെന്ന് ജില്ലാ എക്സികൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2712284.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  പി ജി ഡി സി എ, ഡി സി എ, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്റ്റസും വെബ്സൈറ്റില്‍ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ ഓഫീസില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം.  പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 29നകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 8547005052, 9447596129.

താല്‍ക്കാലിക ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ  സര്‍ക്കാര്‍   സ്ഥാപനത്തില്‍  റേഡിയോ തെറാപ്പി വിഭാഗത്തില്‍ ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ റേഡിയേഷന്‍ ഫിസിക്സ് തസ്തികയില്‍   താല്‍ക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും  ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം എസ് സി ഫിസിക്സ് രണ്ടാം ക്ലാസ്സ് ബിരുദവും റേഡിയോളജിക്കല്‍ ഫിസിക്സില്‍ ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ റേഡിയേഷന്‍ ഫിസിക്സ്, മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്സ്,  മെഡിക്കല്‍ ഫിസിക്സ്  എന്നിവയില്‍ ബിരുദാനന്തര  ബിരുദം, ഭാഭാ അറ്റോമിക് റീസേര്‍ച്ച്  സെന്ററില്‍ നിന്നുള്ള  ആര്‍ എസ് ഒ ലെവല്‍  രണ്ട്  സര്‍ട്ടിഫിക്കറ്റ്   എന്നിവയാണ് യോഗ്യത.  പ്രായപരിധി: 18-41 നും ഇടയില്‍. (ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ മാര്‍ച്ച് നാലിനകം യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം നടത്തുന്ന മണിനാദം നാടന്‍പാട്ട് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണി വരെ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. ലഭ്യമാകുന്ന അപേക്ഷകള്‍ ജഡ്ജിങ് നടത്തി ജില്ലയിലെ മികച്ച ഒരു ടീമിനെ  സംസ്ഥാനതലത്തില്‍ പങ്കെടുപ്പിക്കും.  ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം സമ്മാനതുക ലഭിക്കും. ഫോണ്‍: 0497 2705460, 9496836252.

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

പിണറായി സി എച്ച് സിയില്‍ സായാഹ്ന ഒ പിയിലേക്ക് മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു.  പി എസ് സി അംഗീകൃത എം ബി ബി എസും ടി എം സി രജിസ്ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസറുടെ യോഗ്യത.  കൂടിക്കാഴ്ച മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക്.  ഫാര്‍മസിസ്റ്റിന് പി എസ് സി അംഗീകൃത  ഡി ഫാം, ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.  കൂടിക്കാഴ്ച മാര്‍ച്ച് ഒന്നിന് രാവിലെ 11.30ന്. താല്‍പര്യമുള്ളവര്‍ പിണറായി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഹാജരാവുക. ഫോണ്‍: 0490 2382710.

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ അപേക്ഷ ക്ഷണിച്ചു

 സി-ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി ടി പി, എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.  ഫോണ്‍ : 9947763222.

അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ പെര്‍ഫോമിങ് ആര്‍ട്സ്, ഫൈന്‍ ആര്‍ട്സ്, എജുക്കേഷണല്‍ ഫൗണ്ടേഷന്‍ എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (ഒ ബി സി -നോണ്‍ ക്രീമിലയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എം എഡും നെറ്റ്/ പി എച്ച് ഡിയും ഉണ്ടായിരിക്കണം.  നെറ്റ്/ പി എച്ച് ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 29ന് രാവിലെ 10.30ന് കോളേജില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0490 2320227.

ക്വട്ടേഷന്‍

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ കോളേജ് മാഗസിന്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് നാലിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2346027.

പുനര്‍ ലേലം

കണ്ണൂര്‍ ഗവ.പ്രസ്, ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ലേലം മാര്‍ച്ച് 15ന് രാവിലെ 11.30ന് ഗവ.പ്രസില്‍ നടത്തും.  ഫോണ്‍: 0497 2747306.

ഇ ടെണ്ടര്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ലാബ് റീ ഏജന്റ്സ്, വിവിധ യൂണിറ്റുകളില്‍ ആവശ്യമായ മറ്റ് കണ്‍സ്യൂമബിള്‍സ് എന്നിവ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ഇ ടെണ്ടര്‍ ക്ഷണിച്ചു. www.etenders.kerala.gov.in മുഖേന മാര്‍ച്ച് എട്ടിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും

About The Author