ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍

എജ്യു ടെക് കമ്പനിയായ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ള സ്ഥാപകര്‍ക്കെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകര്‍. ബൈജൂസിന്റെ ഫൊറന്‍സിക് ഓഡിറ്റ് അടക്കം നടത്തണമെന്നാണ് ആവശ്യം. ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ള സ്ഥാപകര്‍ കമ്പനി നടത്തിപ്പിന് യോഗ്യരല്ലെന്നും പുതിയ ബോർഡിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ബൈജൂസിൻ്റെ നാലംഗ നിക്ഷേപകരാണ് പരാതി നൽകിയത്. കമ്പനി മാനേജ്‌മെൻ്റിനെതിരെ അടിച്ചമർത്തൽ, കെടുകാര്യസ്ഥത എന്നിവയ്‌ക്കെതിരെ എൻസിഎൽടിയുടെ ബെംഗളൂരു ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി ഫയൽ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്. ഒരു വര്‍ഷം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കൊച്ചി ഓഫീസ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇത് പിന്നീട് ബെംഗ്‌ളൂരു ഓഫീസിന് കൈമാറുകയായിരുന്നു. ഇത് പ്രകാരം വ്യക്തിയുടെ വിദേശ യാത്രകള്‍ ഏജന്‍സിക്ക് അറിയാന്‍ സാധിക്കും. എന്നാല്‍ വിദേശ യാത്ര നടത്തുന്നതില്‍ നിന്നും ഒരാളെ തടയാന്‍ കഴിയുമായിരുന്നില്ല. ഈ ലുക്ക് ഔട്ട് സര്‍ക്കുലറില്‍ ഭേദഗതി വരുത്തണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്.

ഫോറൻസിക് ഓഡിറ്റും നിക്ഷേപകരുമായി വിവരങ്ങൾ പങ്കിടാൻ മാനേജ്‌മെൻ്റിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 200 മില്യൺ യുഎസ് ഡോളറിൻ്റെ അവകാശ വാദം അസാധുവായി പ്രഖ്യാപിക്കണമെന്നും നിക്ഷേപകരുടെ അവകാശങ്ങളെ മുൻവിധിയോടെ ബാധിക്കുന്ന കോർപ്പറേറ്റ് നടപടികളൊന്നും കമ്പനി കൈക്കൊള്ളരുതെന്ന നിർദേശം നൽകണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

About The Author