വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മലബാര്‍ കാന്‍സര്‍ സെന്റര്‍: കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസെര്‍ച്ച് ആക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ  ശിലാസ്ഥാപനം ഫെബ്രുവരി 24ന് ഉച്ചക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി  പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജലശുദ്ധീകരണ പ്ലാന്റ്,  3 ടെസ്്ല എം ആര്‍ ഐ, ഡെക്സാ സ്‌കാന്‍,  ഗാലിയന്‍ ജനറേറ്റര്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.  കിഫ്ബി  ധനസഹായത്തോടെ  14 നിലകളിലായാണ് കെട്ടിടസമുച്ചയം ഒരുങ്ങുന്നത്. 406 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ 450 ബെഡ്ഡുകള്‍, 14 ഓപ്പറേഷന്‍ തീയേറ്ററുകള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ  വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ സജ്ജീകരിക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. നിയസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം പിമാരായ കെ മുരളീധരന്‍, ഡോ.വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

തൊഴില്‍ ഉറപ്പാക്കാന്‍ തളിപ്പറമ്പില്‍ ‘ജോബ് സ്റ്റേഷന്‍’

തളിപ്പറമ്പ് മണ്ഡലം എംപ്ലോയ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി ജോബ് സ്റ്റേഷന്‍ ഒരുക്കുന്നു. തൊഴിലന്വേഷകര്‍ക്ക് കൃത്യമായ പരിശീലനവും സേവനങ്ങളും നല്‍കി തൊഴില്‍ സാധ്യതകള്‍ ഒരുക്കുകയാണ് ലക്ഷ്യം. മണ്ഡലത്തിലെ ആദ്യ ജോബ്‌സ്റ്റേഷന്‍ മൊറാഴ സ്റ്റെംസ് കോളേജില്‍ ഫെബ്രുവരി 22ന് ഉച്ചക്ക് 2.30ന് എം വി ഗോവിന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിക്കും.

തൊഴിലന്വേഷകരായ മുഴുവന്‍ ആളുകള്‍ക്കും കേരള നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് കണക്ട് ആപ്പ് വെബ്‌സൈറ്റ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുക, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കരിയര്‍ അസ്സസ്‌മെന്റ്  അനാലിസിസ് ടെസ്റ്റുകള്‍ നടത്തി തത്സമയ കരിയര്‍ കൗണ്‍സലറുടെ സേവനം ലഭ്യമാക്കുക, വിവിധയിടങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച്  വിവരങ്ങള്‍ നല്‍കുക, താല്‍പര്യമുള്ള ജോലിക്ക് അപേക്ഷിക്കുവാനുള്ള സൗകര്യം സൃഷ്ടിക്കുക,  ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനാവശ്യമായ കമ്യൂണിക്കേഷന്‍ ആന്റ് ഇന്റര്‍വ്യൂ സ്‌കില്‍സ് ട്രെയിനിംഗ് നല്‍കുക തുടങ്ങിയവയാണ് ജോബ് സ്റ്റേഷനിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍. ഫെബ്രുവരി 29നകം മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കും.

ടൂറിസം പദ്ധതികള്‍ക്ക് 1.99 കോടി രൂപയുടെ ഭരണാനുമതി

ജില്ലയിലെ വിവിധ ടൂറിസം പദ്ധതികള്‍ക്കായി 1.99 കോടി രൂപയുടെ ഭരണാനുമതി. പാറപ്രം റെഗുലേറ്ററി കം ബ്രിഡ്ജിനോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്ക്, തലശ്ശേരി ഫോര്‍ട്ട് വാക് പദ്ധതി എന്നിവയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടാണ് അനുവദിച്ചത്.
പെരളശ്ശേരി റിവര്‍ വ്യൂ പാര്‍ക്കിന് 99.2 ലക്ഷം രൂപയുടെ അനുമതിയാണ് ലഭ്യമായത്. ഐലന്റ് ടൂറിസം ഹബ്ബ് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പബ്ലിക് ഫിറ്റ്‌നസ് സെന്റര്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍, കിയോസ്‌കുകള്‍, ഫിഷിങ് സ്‌പോട്ട്, അഡ്വഞ്ചര്‍ ക്യാമ്പിംഗ് തുടങ്ങിയവയാണ് ഒരുക്കുക. തലശ്ശേരി ഫോര്‍ട്ട് വാക് പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 99.9 ലക്ഷം രൂപയുടെ  ഭരണാനുമതിയാണ് ലഭിച്ചത്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് 22ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ഫെബ്രുവരി 22ന് രാവിലെ 10മണി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

ഖാദി റിഡക്ഷന്‍ വില്പന മേള 23 മുതല്‍

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ കീഴിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, കണ്ണൂര്‍, പയ്യന്നൂര്‍, രാം നഗര്‍ എന്നീ കേന്ദ്രങ്ങളില്‍ ഫെബ്രുവരി 23 മുതല്‍ 29 വരെ ഖാദി റിഡക്ഷന്‍ വില്‍പന മേള  നടക്കുന്നു. സില്‍ക്ക് സാരി, കോട്ടണ്‍ സാരികള്‍, ദോത്തികള്‍, ബെഡ്ഷീറ്റ്, കളര്‍ ഷര്‍ട്ടുകള്‍, മസ്ലിംങ്ങ് ഷര്‍ട്ടുകള്‍ എന്നിവ റിബേറ്റിന് പുറമെ 10 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ മേളയില്‍ ലഭ്യമാകും.

ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മത്സരം

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസും ചേര്‍ന്ന് ലോകസഭാ ഇലക്ഷന്‍ 2024-കണ്ണൂര്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക്, കുപ്പി, ചകിരി, ഇ-വേസ്റ്റ് തുടങ്ങിയ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാലാരൂപങ്ങള്‍ തയ്യാറാക്കുന്നതാണ് മത്സരം. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും പങ്കെടുക്കാം. പ്രായ പരിധിയില്ല. ഉയര്‍ന്ന കാലാമൂല്യമുള്ള അഞ്ച് സൃഷ്ടികള്‍ക്ക് സമ്മാനം നല്‍കും. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും സൃഷ്ടികള്‍ സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
പൂര്‍ത്തിയായ കാലാസൃഷ്ടികള്‍ മാര്‍ച്ച് ഒമ്പതിന് മുമ്പ് അസിസ്റ്റന്റ് കലക്ടറുടെ ഓഫീസില്‍ (SVEEP നോഡല്‍ ഓഫീസര്‍) ഏല്‍പ്പിക്കണം. വിലാസം: അസിസ്റ്റന്റ് കലക്ടര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, താവക്കര കണ്ണൂര്‍. ഫോണ്‍: 9605125092.

പട്ടയമേള വ്യാഴാഴ്ച

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പട്ടയമേള ഫെബ്രുവരി 22 വ്യാഴം വൈകീട്ട് മൂന്നിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ പട്ടയങ്ങള്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വൈകീട്ട് നാലിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിതരണം ചെയ്യും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളാവും. 266 എല്‍ എ പട്ടയങ്ങളും 2076 എല്‍ ടി പട്ടയങ്ങളുമുള്‍പ്പെടെ 2342 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുക. ഇതിനായി പ്രത്യേക കൗണ്ടറുകളും ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് വ്യാഴാഴ്ച

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ടൗണ്‍വാര്‍ഡ്, മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ എന്നീ  വാര്‍ഡുകളില്‍ ഫെബ്രുവരി 22 ന് വ്യാഴാഴ്ച  വോട്ടെടുപ്പ് നടക്കും.  രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി 23ന് നടക്കും.

മിനി ജോബ് ഫെയര്‍: 40 ലേറെ
തസ്തികളിലേക്ക് അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22, 23, 24 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
അക്കൗണ്ടിങ്, മാനേജ്‌മെന്റ്, സോഫ്റ്റ്‌സ്‌കില്‍, ഇന്റീരിയര്‍ ഡിസൈന്‍, മാര്‍ക്കറ്റിങ്, സെയില്‍സ്, കസ്റ്റമര്‍ സര്‍വീസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ടീച്ചിങ്, തുടങ്ങിയ മേഖലയില്‍ 40ലേറെ തസ്തികളിലാണ് ഒഴിവുകള്‍.
താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

ആയോധന കല പൈതൃകോത്സവം പൊന്ന്യത്തങ്കത്തിന് വ്യാഴാഴ്ച തുടക്കം

കേരള ഫോക്‌ലോര്‍ അക്കാദമിയും കതിരൂര്‍ ഗ്രാമപഞ്ചായത്തും പൊന്ന്യം പുല്ല്യോടി പാട്യം ഗോപാലന്‍ സ്മാരക വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊന്ന്യത്തങ്കം ആയോധനകല പൈതൃകോത്സവം 2024ന് ഫെബ്രുവരി 22ന് തുടക്കമാകും. വൈകിട്ട് ഏഴ് മണിക്ക് ഗതാഗത വകുപ്പ് മന്ത്രി  കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍, കെ മുരളീധരന്‍ എം പി  എന്നിവര്‍ മുഖ്യാതിഥികളാകും. കളരി, ചരട്കുത്തി കോല്‍ക്കളി, കോല്‍ക്കളി മത്സരം, ജോര്‍ജിയന്‍ ബാന്റിന്റെ കലാപരിപാടികളും അരങ്ങേറും. രണ്ടാം ദിനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വൈകിട്ട് ആറ് മണിക്ക് ഉദ്ഘാടനം ചെയ്യും. കളരി, പൂരക്കളി, എരഞ്ഞോളി മൂസ അനുസ്മരണം, വയലി ബാംബൂ മ്യൂസിക് എന്നിവ നടക്കും.  ഫെബ്രുവരി 28 വരെ പൊന്ന്യം ഏഴരക്കണ്ടത്തിലാണ് പരിപാടി നടക്കുന്നത്. സമാപന സമ്മേളനം 28ന് വൈകിട്ട് ആറ് മണിക്ക് രജിസ്‌ട്രേഷൻ , പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി ഐ മധുസൂദനന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാകും.

ലോണ്‍/സബ്സിഡി മേള

അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങുന്നവര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രവും അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/സബ്സിഡി മേള സംഘടിപ്പിക്കുന്നു.
പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 23ന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അയ്യന്‍കുന്ന് പഞ്ചായത്ത്  പരിധിയിലെ മുഴുവന്‍ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 8075732790.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സി സി ടി വി, എം എസ് എക്സല്‍, എം എസ് ഓഫീസ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ ടെക്നോളജി, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് എന്നിവയാണ് കോഴ്സുകള്‍.  ഫോണ്‍: 9745479354, 0497 2835987.

താല്‍ക്കാലിക നിയമനം

ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹ്രസ്വകാല കോഴ്സുകളില്‍ പരിശീലനം നല്‍കുന്നതിനായി സോഫ്റ്റ് ടോയ് നിര്‍മാണം, പരമ്പരാഗത കൂട്ട നിര്‍മാണം എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ പട്ടുവം കയ്യംതടത്തിലുള്ള  കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫെബ്രുവരി 26ന് രാവിലെ നേരിട്ട് ഹാജരാകണം. ഫോണ്‍: 9847007177, 8547005048.

തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക് – 10 എന്‍ സി എ – എസ് ടി – 050/2023) തസ്തികയിലേക്ക് 2023 ഏപ്രില്‍ 29ലെ ഗസറ്റ് വിജഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍  ലഭ്യമല്ലാത്തതിനാല്‍ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തോട്ടട ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2024 – 25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള(ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് രജിസ്ട്രേഷന്‍ തുടങ്ങി. നിലവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.  ഫോണ്‍: 9446973178, 9961488477, 9400006494.

മെഗാ ജോബ് ഫെയര്‍

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ടൗണ്‍ഹാളില്‍ ഫെബ്രുവരി 28ന് മെഗാ ജോബ് ഫെയര്‍ സ്ട്രൈഡ് 2024 നടത്തുന്നു. ജോബ് ഫെയറിന്റെ ഭാഗമായുള്ള തൊഴില്‍ദാതാക്കളുടെ മീറ്റ് ഫെബ്രുവരി 24ന് തളിപ്പറമ്പ് ബക്കളത്തെ സ്നേഹ ഇന്‍ ഹോട്ടലില്‍ നടത്തും. ജോബ് ഫെയര്‍ വഴി റിക്രൂട്ട്മെന്റ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ ഫെബ്രുവരി 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400206640, 9447752375.

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ഇരിട്ടി, ഇരിക്കൂര്‍, തലശ്ശേരി ബ്ലോക്കുകളിലെ സി ഡി എസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ നിയമിക്കുന്നു.  സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ജെന്‍ഡര്‍ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ/ ബിരുദാനന്തരമുള്ള വനിതകള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 27ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2702080.

ലേലം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിന്റെ പരിധിയിലുള്ള സ്ഥലങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് കാര്‍ഷികാദായം ഏറ്റെടുക്കുന്നതിനായുള്ള ലേലം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് കോളേജ് പരിസരത്ത് നടക്കും.
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിന്റെ ക്യാമ്പസ് ബി ബ്ലോക്ക്  പരിസരത്തുള്ള മരങ്ങള്‍ മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് കോളേജ് പരിസരത്ത് ലേലം ചെയ്യും.

ടെണ്ടര്‍

മാങ്ങാട്ടുപറമ്പ് ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ രോഗികള്‍ക്ക് നല്‍കുന്നതിനാവശ്യമായ ബ്രഡ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 28ന് വൈകിട്ട് നാല് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 04972 784650.
ഐ സി ഡി എസ് കണ്ണൂര്‍ അര്‍ബന്‍ ഓഫീസ് ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് വാടകക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  മാര്‍ച്ച് ആറിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2708150.

About The Author