വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മുഖ്യമന്ത്രിയുടെ മുഖാമുഖം 24 ന്
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 24 ന് ദിനേശ് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം നടക്കുക. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖാമുഖം ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ജില്ലയില്‍ നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളില്‍ നിന്നുമായി 1200 പേര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. ആദിവാസി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നും ഊര് മൂപ്പന്‍മാര്‍, മൂപ്പത്തിമാര്‍, പ്രഫഷണലുകള്‍, യുവജനങ്ങള്‍, സംരംഭകര്‍, കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മുഖാമുഖത്തിന്റെ ഭാഗമാവും. പട്ടികജാതി മേഖലയില്‍ നിന്നും എഴുന്നൂറ് പേര്‍, പട്ടികവര്‍ഗ്ഗ മേഖലയില്‍ നിന്നും അഞ്ഞൂറ് പേര്‍ ഉള്‍പ്പെടെയാണ് 1200 പേര്‍ പങ്കെടുക്കുക.
പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങള്‍, ബോര്‍ഡുകള്‍ ബാനറുകള്‍, കലാജാഥകള്‍ വഴി നടന്ന് വരുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് പി ജോണ്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജി പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരും.

23 തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന്

സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളില്‍ ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ് എസ് എല്‍ സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസം മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉപയോഗിക്കാം.

പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് നഗരസഭ വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത് അതില്‍ 33 പേര്‍ സ്ത്രീകളാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 23 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 32,512 വോട്ടര്‍മാരാണുള്ളത്. 15,298 പുരുഷന്‍മാരും 17,214 സ്ത്രീകളും ഉള്‍പ്പെടുന്നു. വോട്ടര്‍ പട്ടിക www.sec.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

വോട്ടെടുപ്പിന് 41 പോളിംഗ് ബൂത്തുകളും  വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി. പോളിംഗ് സാധനങ്ങള്‍ 21ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. മോക്ക് പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.

ഉപതെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം

ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ടൗണ്‍വാര്‍ഡ്, മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ എന്നീ  വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവര്‍ ഇന്ന വാര്‍ഡില്‍ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ്;പോളിംഗ് , കൗണ്ടിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങൾക്ക് അവധി

ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ടൗണ്‍വാര്‍ഡ്, മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ എന്നീ  വാര്‍ഡുകളിലെ പോളിംഗ് , കൗണ്ടിംഗ് സ്റ്റേഷനുകളായ സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 21 , 22  , 23 തിയ്യതികളിൽ അവധി പ്രഖ്യാപിച്ചതായി  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ഡ്രൈഡേ

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 20ന് വൈകിട്ട് ആറ് മുതല്‍ 22ന് വൈകിട്ട് ആറു വരെയും 23നും തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ ഡ്രൈഡേ പ്രഖ്യാപിച്ചു.  മട്ടന്നൂര്‍ വാര്‍ഡ് 29, മുഴപ്പിലങ്ങാട് വാര്‍ഡ് അഞ്ച്, രാമന്തളി വാര്‍ഡ് ഒമ്പത്, മാടായി വാര്‍ഡ് 20 എന്നിവിടങ്ങളിലെ മദ്യഷാപ്പുകള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പട്ടയമേള 22ന്

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പട്ടയമേള ഫെബ്രുവരി 22 വ്യാഴം വൈകീട്ട് മൂന്നിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ പട്ടയങ്ങള്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വൈകീട്ട് നാലിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിതരണം ചെയ്യും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളാവും. പട്ടയമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 266 എല്‍ എ പട്ടയങ്ങളും 2076 എല്‍ ടി പട്ടയങ്ങളുമുള്‍പ്പെടെ 2342 പട്ടയങ്ങളാണ് അന്ന് ജില്ലയില്‍ വിതരണം ചെയ്യുക. ഇതിനായി പ്രത്യേക കൗണ്ടറുകളും ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തും. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഡെപ്യൂട്ടി കലക്ടര്‍ സിലോഷ് പി ജോണ്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജി പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

കൈവശരേഖ റദ്ദ് ചെയ്യല്‍: ആക്ഷേപങ്ങള്‍ അറിയിക്കാം

ആറളം പുനരധിവാസ മേഖലയില്‍ കൈവശരേഖ അനുവദിച്ചിട്ടും താമസിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കൈവശരേഖ തിരിച്ച് നല്‍കിയ 101 പേരുടെ ഭൂമി റദ്ദ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.
ഇവരുടെ പേര് വിവരങ്ങള്‍ ആറളം സ്‌പെഷ്യല്‍ യൂണിറ്റ് സൈറ്റ് മാനേജര്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിട്ടുണ്ട്. കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍  ജില്ലാ കലക്ടറെ നേരിട്ട് ബോധിപ്പിക്കണം. അല്ലെങ്കില്‍ ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകള്‍ റദ്ദ് ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കെ ജി ടി ഇ കമ്പ്യൂട്ടര്‍ ആന്റ് ഡി ടി പി കോഴ്സ്

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡി ടി പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 26 വരെ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഒ ബി സി/എസ് ഇ ബി സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഫോണ്‍: 0495 2723666, 0495 2356591, 9778751339. ഇ മെയില്‍: kozhikode@captkerala.com,  വെബ്സൈറ്റ്: www.captkerala.com.

ടെണ്ടര്‍

മാങ്ങാട്ടുപറമ്പ് ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ തുടങ്ങുന്ന കാന്‍സര്‍ കെയര്‍ യൂണിറ്റിലേക്ക് എയര്‍ കണ്ടീഷണറും വൈദ്യുതീകരണ പ്രവൃത്തിയും ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 26ന് രാവിലെ 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2784650.

ഇരിവേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീ ഏജന്റ്സ്, മറ്റ് സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 24ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2851602.

About The Author