കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയുടെ ധനസഹായം. 15 ലക്ഷം രൂപ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. വനംമന്ത്രി ഈശ്വര്‍ കന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. 2023 നവംബര്‍ മാസത്തോടെയാണ് ബേലൂര്‍ മഖ്‌നയെന്ന കാട്ടാന ബന്ദിപ്പൂരിലെത്തുന്നത്. രണ്ട് മാസത്തോളമായി ഈ ആന വയനാട്ടില്‍ മനുഷ്യജീവന്‍ അപഹരിക്കുകയും വയനാട്ടിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസം നില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കര്‍ണാടകയുടെ ധനസഹായം.

വീടിന്റെ മതില്‍ പൊളിച്ചെത്തിയ ആന ഓട്ടത്തിനിടെ നിലത്തുവീണ അജീഷിനെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.

അജീഷിന്റേയും കുറുവയിലെ വനംവകുപ്പ് വാച്ചര്‍ പോളിന്റേയും മരണത്തിന്റെ പശ്ചാത്തലത്തില്‍ വന്യജീവി ആക്രമണത്തില്‍ പരിഹാരമുണ്ടാകണമെന്ന് കാട്ടി വയനാട്ടില്‍ വലിയ പ്രതിഷേധങ്ങളാണ് ദിവസങ്ങളായി നടന്നുവരുന്നത്. ഇന്ന് രാഹുല്‍ ഗാന്ധി എംപി അജീഷിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

About The Author