വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മുഖ്യമന്ത്രിയുടെ മുഖാമുഖം: ആദിവാസി,ദളിത് മുന്നേറ്റത്തിനുള്ള സമഗ്ര ചര്‍ച്ചാ വേദിയാകും

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ഫിബ്രുവരി 24ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ ആദിവാസി ദളിത് മേഖലയിലെ എല്ലാ വിഭാഗമാളുകളെയും പങ്കെടുപ്പിക്കാന്‍ സംഘാടക സമിതി തീരുമാനം. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, പ്രെഫഷണലുകള്‍, സംരംഭകരടക്കമുള്ള വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ഊര് മൂപ്പന്‍മാര്‍, ഊര് മൂപ്പത്തിമാര്‍ തുടങ്ങി ഈ വിഭാഗത്തിന്റെ പരിഛേദമായി മുഖാമുഖം പരിപാടി മാറ്റാനാണ് തീരുമാനം. പട്ടികജാതി, പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന സംഘാടക സമിതി യോഗം ഇതിനാവശ്യമായ നടപടികള്‍ ആസൂത്രണം ചെയ്തു. 24ന് രാവിലെ 9.30 മുതല്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ആദിവാസി, ദളിത് വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കുന്നതിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുഖാമുഖം നടത്തുന്നത്. സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളിലെ 37 ഗോത്രവര്‍ഗത്തിലേയും പട്ടികജാതി വിഭാഗത്തിലേയും പ്രതിനിധികള്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലെയും ഈ വിഭാഗത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍, ഊരുമൂപ്പന്‍മാര്‍, മൂപ്പത്തിമാര്‍, കലാ -സാംസ്‌കാരിക നേതാക്കളുമായി 1200 ലേറെ പേര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസില്‍ ലഭിച്ച പൊതുവായ വിഷയങ്ങള്‍ സംബന്ധിച്ച് ആമുഖഭാഷണം നടത്തും. വ്യത്യസ്ത മേഖലയിലെ 10 വിദഗ്ധര്‍ സംസാരിക്കും. പ്രതിനിധികളും വിദഗ്ധരും ഈ മേഖലയിലെ പ്രശ്നങ്ങളും വിഷയങ്ങളും മുഖാമുഖം പരിപാടിയില്‍ അവതരിപ്പിക്കും. പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിച്ച് ഈ മേഖലയുടെ കുതിപ്പിന് ഉതകുന്ന കര്‍മപദ്ധതികള്‍ തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ എസ്‌സി, എസ്ടി സ്ഥാപനങ്ങളുടെ വിപണന സ്റ്റാളുകളും ഒരുക്കുന്നുണ്ട്.
യോഗത്തില്‍ രജിസ്‌ട്രേഷന്‍-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, എസ് സി ഡയരക്ടര്‍ കെ ഗോപാലകൃഷ്ണന്‍, എസ് ടി ഡയരക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, വകുപ്പ് മേധാവികള്‍, സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍, ജോ. കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാടിയോട്ടുചാല്‍  സെക്ഷന്‍ ഓഫീസ് കെട്ടിടോദ്ഘാടനം 19ന്

കെ എസ് ഇ ബി പാടിയോട്ടുചാല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 19ന് രാവിലെ 11 മണിക്ക്  പാടിയോട്ടുചാല്‍    വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് അലക്‌സാണ്ടര്‍, പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സമ്പൂര്‍ണ്ണ പ്രഥമ ശുശ്രൂഷാ ഗ്രാമമാകാന്‍ ഒരുങ്ങി പെരളശ്ശേരി

സംസ്ഥാനത്തെ ആദ്യ പ്രഥമ ശുശ്രൂഷാ ഗ്രാമമാകാന്‍ ഒരുങ്ങി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും ഒരു അംഗത്തിന് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കിയാണ് ഈ നേട്ടം കൈവരിക്കുക. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ ശാസ്ത്രീയ പരിചരണം നല്‍കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യം. പെരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മാവിലായി എകെജി സ്മാരക സഹകരണ കോളേജ് ഓഫ് നഴ്സിംഗ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്. അവര്‍ വാര്‍ഡുകളിലെ മുന്‍കൂട്ടി നിശ്ചയിച്ച വിവിധ കേന്ദ്രങ്ങളില്‍ എത്തി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം, ചെയ്യേണ്ട രീതികള്‍ എന്നിവ വീഡിയോകളുടെ സഹായത്തോടെയും പരിശീലനത്തിലൂടെയും ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളുകളില്‍ എത്തി പരിശീലനം നല്‍കി. ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും മെഡിക്കല്‍ ക്യാമ്പുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു വരികയാണ്. നിലവില്‍ അയ്യായിരത്തോളം കുടുംബങ്ങള്‍ക്കാണ് പരിശീലനം ലഭിച്ചത്. ഫെബ്രുവരി അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിച്ച് പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം.

ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടം തുടങ്ങി

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി  സര്‍ക്കാര്‍ നടപ്പിലാക്കുന്ന  ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടത്തിന് ജില്ലയിൽ തുടക്കം. കണ്ണൂര്‍ താലൂക്കിലെ വലിയന്നൂര്‍, ചിറക്കല്‍, എടക്കാട്, കല്യാശ്ശേരി വില്ലേജുകള്‍, തളിപ്പറമ്പ് താലൂക്കിലെ ചുഴലി, തളിപ്പറമ്പ് വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ കീഴൂര്‍, കേളകം വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ കീഴല്ലൂര്‍ വില്ലേജ് എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് റീസര്‍വ്വേ അസി.ഡയറക്ടര്‍ അറിയിച്ചു. സര്‍വ്വെ ജോലികള്‍ക്കായി ഉദ്യോഗസ്ഥര്‍ ഭൂമിയില്‍  പ്രവേശിക്കുന്ന വിവരം സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ / സര്‍വ്വെ ജാഗ്രതാ സമിതി അംഗങ്ങള്‍ മുഖേന അറിയിച്ചാല്‍ സ്ഥലത്തെ വ്യക്തമായതും തര്‍ക്കമില്ലാത്തതുമായ അതിര്‍ത്തി ലൈനുകളിലും, ബെന്‍ഡ് പോയിന്റുകളിലും കാട് വൃത്തിയാക്കിയും, അവകാശം തെളിയിക്കുന്ന രേഖകള്‍ നല്‍കിയും സര്‍വ്വെ ജീവനക്കാരോട് സഹകരിക്കണം. ഡിജിറ്റല്‍ റീസര്‍വ്വെക്ക് മുമ്പായി അതിര്‍ത്തി തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ തര്‍ക്കമുള്ള സ്ഥലങ്ങള്‍ ഒന്നായി കണ്ട് ഒരു പാര്‍സലായി സര്‍വ്വെ ചെയ്ത് അവകാശികളുടെ പേര് കൂട്ടായി ചേര്‍ക്കും. അതിനാല്‍ സര്‍വ്വെക്ക് മുമ്പായി പരമാവധി തര്‍ക്കങ്ങള്‍ പരിഹരിച്ച് അതിര്‍ത്തി ലൈന്‍ ഇടണം. ഈ അവസരം എല്ലാ ഭൂവുടമസ്ഥരും പരമാവധി പ്രയോജനപ്പെടുത്തണം. സര്‍വ്വെ ഒരു ഘട്ടം കഴിഞ്ഞാല്‍ അതത് ഉടമസ്ഥര്‍ക്ക് entebhoomi.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും സ്മാര്‍ട്ട് ഫോണ്‍ വഴി പരിശോധിക്കാനും തെറ്റുണ്ടെങ്കില്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തി തിരുത്താനും സാധിക്കും. ആദ്യ ഘട്ട സർവേ നടപടികൾക്ക് ശേഷം റിക്കാർഡുകൾ സർവേ ബൗണ്ടറീസ് നിയമം അനുസരിച്ച് 9  (2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടം; യോഗം ചേര്‍ന്നു

ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. റീസര്‍വ്വെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പൂര്‍ണ്ണ ജനപങ്കാളിത്തം ഉറപ്പാക്കുക, തെഞ്ഞെടുത്ത വില്ലേജുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക, സമിതിയുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും നിശ്ചയിച്ച് നല്‍കുക എന്നിവയാണ് യോഗ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ റീസര്‍വ്വെയുടെ രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുത്ത എടക്കാട്, വലിയന്നൂര്‍, ചിറക്കല്‍, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, അഴീക്കോട് നോര്‍ത്ത്, ധര്‍മ്മടം, കീഴല്ലൂര്‍, എരഞ്ഞോളി, കേളകം, കീഴൂര്‍, ചുഴലി, തളിപ്പറമ്പ്, പെരളം വില്ലേജുകള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, തലശ്ശേരി സബ് കലക്ടര്‍, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പുഷ്‌പോത്സവം: മാധ്യമ അവാര്‍ഡ് അപേക്ഷ 21 വരെ

കണ്ണൂര്‍ പുഷ്‌പോത്സവത്തോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡിനുളള അപേക്ഷകള്‍ ഫെബ്രുവരി 21ന് വൈകിട്ട് അഞ്ചു മണിക്കകം സമര്‍പ്പിക്കണം. അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ട്, ഫോട്ടോ, റേഡിയോ പ്രോഗ്രാം എന്നിവയ്ക്ക് ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കും.

നാറാണത്ത് പാലം പ്രവൃത്തി ഉദ്ഘാടനം 20ന്

നാറാണത്ത് പാലം പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ 9.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷനിലെ കിഴുന്ന-നടാല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നടാല്‍ പുഴക്ക് കുറുകെയുള്ള പാലമാണ് പുനര്‍ നിര്‍മ്മിക്കുന്നത്. രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലോണ്‍/സബ്സിഡി മേള

മട്ടന്നൂര്‍ നഗരസഭ പരിധിയില്‍ സംരംഭം തുടങ്ങുന്നവര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രവും മട്ടന്നൂര്‍ നഗരസഭയും സംയുക്തമായി ലോണ്‍/സബ്സിഡി മേള സംഘടിപ്പിക്കുന്നു.
മട്ടന്നൂര്‍ നഗരസഭ ഹാളില്‍ ഫെബ്രുവരി 20ന് രാവിലെ 10.30ന് നഗരസഭ ചെയര്‍മാന്‍ ഷാജിത് മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്യും. നഗരസഭ പരിധിയിലെ മുഴുവന്‍ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 8075902084, 9544780963.

റസിഡന്റ് തസ്തികയില്‍ നിയമനം

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം ബി ബി എസ്,  ടി സി എം സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിക്കറ്റുകളുടെ  അസ്സലും  സ്വയം സാക്ഷ്യപ്പെടുത്തിയപകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ക്ക്: https://gmckannur.edu.in/ .

താല്‍ക്കാലിക നിയമനം

പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകുക. ഫോണ്‍: 9497763400.

കരാര്‍ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ  കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃതതി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് ഗവ.ആയുര്‍വേദ കോളേജില്‍ ഹാജരാകണം. ഫോണ്‍: 0497 2800167.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അഭിമുഖം 21ന്

ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 9.30നും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം രാവിലെ 11 മണിക്കും ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും.  അപേക്ഷ സമര്‍പ്പിച്ചവര്‍ അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖ കത്ത് ലഭിക്കാത്തവര്‍ തലശ്ശേരി ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2344488.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ സെവന്‍സ് ഫുട്ബോള്‍ ഗ്രൗണ്ട് നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ ഇന്‍ഡോര്‍ കോര്‍ട്ട് പരിസരത്ത് ഹാന്റ് ബോള്‍ കോര്‍ട്ട് നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 23ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

കോളേജിലെ പുതുതായി നിര്‍മ്മിച്ച ലൈബ്രറി ബ്ലോക്കില്‍ അടിസ്ഥാന ഘടനാപരമായ ശൃംഖല  പൂര്‍ത്തിയാക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 28ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.ഫോണ്‍: 0497 2780226.

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഫെബ്രുവരി 29നകം ആര്‍ ഐ സെന്ററില്‍ നേരിട്ടോ ഇ മെയില്‍ വഴിയോ ബന്ധപ്പെടണം. ഫോണ്‍: 0497 2704588. ഇ മെയില്‍: ricentrekannur@gmail.com.

ലേലം

കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള ഭൂമിയിലെ കശുമാവുകളില്‍ നിന്നും ഫെബ്രുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കശുവണ്ടി ശേഖരിക്കുന്നതിനുളള അവകാശം ഫെബ്രുവരി 21ന് രാവിലെ 11.30ന് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും.

തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ ഫെബ്രുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍  ശേഖരിക്കുന്നതിനുളള അവകാശം ഫെബ്രുവരി 21ന് രാവിലെ 11.30ന് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2781316.

 
കണ്ണൂര്‍ പുഷ്പോത്സവത്തില്‍ ഇന്ന് (ഫെബ്രുവരി 18 ഞായര്‍)

രാവിലെ 10 മണി- ഭിന്നശേഷിക്കാരുടെ സ്‌നേഹസംഗമം-ഉദ്ഘാടനം ഡോ. വി ശിവദാസന്‍ എം പി

ഉച്ചക്ക് രണ്ടുമണി- പാചകമത്സരം 1) അച്ചാര്‍(ചെമ്മീന്‍) 2) കുമ്പളങ്ങ ഹല്‍വ

വൈകിട്ട് നാല് മണി- പുഷ്പറാണി, പുഷ്പരാജ പുഞ്ചിരി മത്സരം(രണ്ട് വയസ്സിനും അഞ്ച് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്)

വൈകിട്ട് 6.30ന്- നൃത്തസന്ധ്യ, ശ്രീലക്ഷ്മി ഡാന്‍സ് ആന്റ് മ്യൂസിക്, കണ്ണൂര്‍

About The Author