വികസന രംഗത്ത് അത്ഭുതകരമായ മുന്നേറ്റം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വികസനരംഗത്ത് നടക്കുന്നത് അത്ഭുതകരമായ മുന്നേറ്റമാണെന്ന് രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്ത് ഹോമിയോ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം ഇന്ന് വിവിധ രംഗങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായി മാറുകയാണ്. ദേശീയ, അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ സംസ്ഥാനത്തെ തേടി എത്തുന്നു. ഇതിനെല്ലാം അടിത്തറയാകുന്നത് ഗ്രാമീണമേഖലയിലടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളാണ്.  രാജ്യത്തിനകത്ത് കര്‍ഷകരെ ദ്രോഹിക്കുന്ന നിയമങ്ങളും നയങ്ങളും നടപ്പാക്കുമ്പോള്‍ അത് കേരളത്തില്‍ നടപ്പാക്കില്ല എന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ച ആളാണ്  മുഖ്യമന്ത്രി. സംസ്ഥാനത്തിന് കടമെടുക്കുന്നതിലും കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ വായ്പ വിഹിതം ലഭിക്കുന്നതിലുമടക്കം വളരെയധികം പരിമിതികള്‍ നേരിടുകയാണ്. ഈ ഘട്ടത്തിലും വിട്ടു വീഴ്ചയില്ലാത്ത വികസനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

പാറപ്രത്ത് പഞ്ചായത്തിന്റെ കൈവശമുള്ള 10 സെന്റില്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വൈദ്യുതി, ഫര്‍ണിച്ചറുകള്‍, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 8.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. കണ്‍സള്‍ട്ടിങ് മുറി, രോഗികള്‍ക്കുള്ള കാത്തിരിപ്പ് മുറി, ഫാര്‍മസി, സ്റ്റോര്‍ റൂം, ഫീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പിണറായി ഇന്റസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടം നിര്‍മിച്ചത്.
പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ മുഖ്യതിഥിയായി. കെട്ടിട നിര്‍മ്മാണം നടത്തിയ പിണറായി ഇന്റസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള ഉപഹാരം ചെയര്‍മാന്‍ ഉദയകുമാറിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നല്‍കി. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ദിലീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി വി വേണുഗോപാല്‍, പി പ്രമീള, കെ ഹംസ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ വിമല, കെ പ്രവീണ, പിണറായി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി ഷൈന, പിണറായി ആയുഷ് പി എച്ച് സി ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിഷ ലക്ഷ്മണ്‍, ഡോ. ധന്യ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

About The Author