വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തന്മുദ്ര; വളണ്ടിയര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

തന്മുദ്ര സമഗ്ര ഭിന്നശേഷി സര്‍വ്വേയും യു ഡി ഐ ഡി രജിസ്‌ട്രേഷനും നടത്തേണ്ട വളണ്ടിയര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ രേഖയായ യു ഡി ഐ ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന്റെ രണ്ടാംഘട്ട ക്യാമ്പയിനാണ് ‘തന്മുദ്ര’. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും തിരിച്ചറിയല്‍ രേഖ ലഭ്യമാക്കുന്നതിനൊപ്പം അവരുടെ സമഗ്ര സര്‍വ്വേ നടത്തി ഡാറ്റാ ബേസ് കൂടി തയ്യാറാക്കും. 2015ലെ സാമൂഹ്യനീതി വകുപ്പിന്റെ സര്‍വ്വേയില്‍ 58539 ഭിന്നശേഷിക്കാരെയാണ് ജില്ലയില്‍ കണ്ടെത്തിയത്. അവയില്‍ 35000 പേര്‍ മാത്രമേ യു ഡി ഐ ഡി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഇവയെല്ലാം പരിഹരിച്ച് സമ്പൂര്‍ണ യു ഡി ഐ ഡി രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
സാമൂഹ്യ നീതിവകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ വനിതാ ശിശു വികസന വകുപ്പ് ഐ സി ഡി എസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷന്റെ kssmudid.in ല്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, എന്‍ വൈ കെ വളണ്ടിയമാര്‍ എന്നിവരാണ് വീടുകളില്‍ നേരിട്ട് ചെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. തന്മുദ്ര വെബ്‌സൈറ്റ് വഴിയാണ് വിവരശേഖരണം നടത്തുക. നിലവില്‍ ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങളും സേവങ്ങളും ലഭിക്കാന്‍ യു ഡി ഐ ഡി കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പരിപാടിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു അധ്യക്ഷത വഹിച്ചു. കെ എസ് എസ് എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ അനീഷ്, ഐ സി ഡി എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി എ ബിന്ദു, എന്‍ എസ് എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ഷിജിത്ത്, വനിതാ എംപവര്‍മെന്റ് ഓഫീസര്‍ ബി ബീന, വയോമിത്രം ഇരിട്ടി കോ-ഓര്‍ഡിനേറ്റര്‍ പി റെനീഷ് എന്നിവര്‍ സംസാരിച്ചു.

പിണറായി ഹോമിയോ ഡിസ്പെന്‍സറി ഉദ്ഘാടനം 16ന്

പിണറായി ഗ്രാമപഞ്ചായത്ത് പാറപ്രത്ത് ഹോമിയോ ഡിസ്പെന്‍സറിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് രാവിലെ 10 മണിക്ക് രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ മുഖ്യാതിഥിയാകും.
പാറപ്രത്ത് പഞ്ചായത്തിന്റെ കൈവശമുള്ള 10 സെന്റില്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വൈദ്യുതി, ഫര്‍ണിച്ചറുകള്‍, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 8.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. കണ്‍സള്‍ട്ടിങ് മുറി, രോഗികള്‍ക്കുള്ള കാത്തിരിപ്പ് മുറി, ഫാര്‍മസി, സ്റ്റോര്‍ റൂം, ഫീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് ജില്ലയില്‍(16-02-2024)

രജിസ്ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് ഫെബ്രുവരി 16ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണി-പിണറായി ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി ഉദ്ഘാടനം പാറപ്രം, 11 മണി-ജവഹര്‍ ലൈബ്രറി, ഉച്ചക്ക് 12 മണി-ഡി പി സി ഹാള്‍-മീറ്റിങ്, 12.30ന് സെന്‍ട്രല്‍ ജയില്‍ കായിക മേള സമ്മാനദാനം, 1.30ന് കണ്ണൂര്‍ ഗവ. വൊക്കഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌പോര്‍ട്‌സ് സ്‌കൂള്‍ സ്വീകരണം, വൈകിട്ട് മൂന്ന് മണി- പൊതുമരാമത്ത് വകുപ്പ് അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, നാല് മണി-പട്ടയമേള സംഘാടക സമിതി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, അഞ്ച് മണി-കാഞ്ഞിരോട് തെരു, ആറ് മണി- മുള്ളന്‍ മൊട്ട വായനശാല, ഏഴ് മണി- വലിയകുണ്ട് കോളനി എന്നിവിടങ്ങളിലാണ് പരിപാടികള്‍.

ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ്: ലോഗോ ക്ഷണിച്ചു

സംസ്ഥാന സീനിയര്‍ (പുരുഷ-വനിത)ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിന് ലോഗോ ക്ഷണിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയും കണ്ണൂര്‍ ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷനും ചേര്‍ന്ന് മാര്‍ച്ച് മൂന്നിന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. ഫെബ്രുവരി 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്  officialkdbba@gmail.com എന്ന ഇമെയിലില്‍ ലോഗോ ലഭിക്കണം.

കരട് മുന്‍ഗണനാ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ (ഇ ഇ പി) മെഡിക്കല്‍ / എഞ്ചിനീയറിങ് വിഭാഗത്തിന്റെ 2023-24 വര്‍ഷത്തെ കരട് മുന്‍ഗണനാ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയാണ് ഇ ഇ പി. പട്ടികകള്‍ www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങളിലും ലഭിക്കും. പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍  പട്ടികയിലെ ന്യൂനതകള്‍ ഫെബ്രുവരി 18നകം പരിഹരിച്ച് ലഭ്യമാക്കണം. പട്ടികകള്‍ സംബന്ധിച്ച് ആക്ഷേപങ്ങളോ/പരാതികളോ ഉണ്ടെങ്കില്‍ ഫെബ്രുവരി 20നകം bcddcalicut@gmail.com എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം.

തപാൽ വകുപ്പിന്റെ അപകട ഇന്‍ഷുറന്‍സ്: ഫെബ്രുവരി 19 മുതല്‍ ക്യാമ്പ്

ചെറിയ പ്രീമിയത്തില്‍ അപകട ഇന്‍ഷുറന്‍സ് നല്‍കുന്ന ഗ്രൂപ്പ് ആക്സിഡന്റ് പോളിസിയുമായി തപാല്‍ വകുപ്പ്. 699 രൂപക്ക് 10 ലക്ഷം രൂപ വരെ കവറേജ് നല്‍കുന്ന പോളിസിയാണിത്. ഇതിനായി ഫെബ്രുവരി 19 മുതല്‍ 23 വരെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക ക്യാമ്പയിന്‍ നടത്തും.
18 മുതല്‍ 65 വയസുവരെയുള്ളവര്‍ക്ക് 699 രൂപ പ്രീമിയത്തില്‍ ഒരു വര്‍ഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയമെന്റ്‌സ് ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തുള്ള ഏത് പോസ്റ്റ് ഓഫീസിലൂടെയും പദ്ധതിയില്‍ അംഗമാകാം.
അപകട മരണം, അപകടത്തില്‍ സ്ഥിരമായി പൂര്‍ണ വൈകല്യം, സ്ഥിരമായി ഭാഗിക വൈകല്യം, പക്ഷാഘാതം എന്നിവ സംഭവിച്ചാല്‍ 10 ലക്ഷം രൂപ നല്‍കും.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആശുപത്രി ചെലവുകള്‍ക്കായി 50000 രൂപ വരെ ക്ലെയിം ലഭിക്കും കൂടാതെ ദിവസവും 1000 രൂപ വീതം 10 ദിവസത്തേക്കും ലഭിക്കും. അപകട മരണം സംഭവിക്കുന്ന വ്യക്തിയുടെ കുട്ടികള്‍ക്ക് പരമാവധി 50000 രൂപ വിദ്യാഭ്യാസ ധനസഹായം ലഭിക്കും. പോളിസി എടുക്കുന്ന എല്ലാ വ്യക്തികള്‍ക്കും 1500 രൂപയുടെ മെഡിക്കല്‍ ചെക്ക്അപ്പ് വൗച്ചറും ലഭിക്കുന്നതാണ്.

സൗജന്യ കോഴ്‌സ്

സമഗ്രശിക്ഷ കേരളയുടെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ നടത്തുന്ന സൗജന്യ കോഴ്‌സിന് സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബേക്കിങ് ടെക്‌നോളജി, എക്‌സിം. എക്‌സിക്യൂട്ടീവ് എന്നിവയാണ് കോഴ്‌സുകള്‍. സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കല്യാശ്ശേരി ഗവ. വി എച്ച് എസ് എസിലാണ് ക്ലാസ് നല്‍കുന്നത്. പ്രായം 15നും 23നും ഇടയില്‍. അപേക്ഷാ ഫോറം ഫെബ്രുവരി 19 വരെ സ്‌കൂളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04972702706

സി മെറ്റില്‍ ലക്ചറർ

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ(സി മെറ്റ്) കീഴിലെ ഉദുമ, കണ്ണൂര്‍, മലമ്പുഴ എന്നിവിടങ്ങളിലെ നഴ്‌സിങ് കോളേജുകളില്‍ ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത: എം എസ് സി നഴ്‌സിങ് ബിരുദം, കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായം 40 വയസില്‍ താഴെ (എസ് സി/എസ് ടി/ഒ ബി സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്). അപേക്ഷ ഫീസ് ജനറല്‍ വിഭാഗം 500 രൂപ, എസ് സി/എസ് ടി വിഭാഗം 250 രൂപ. അപേക്ഷകള്‍ മാര്‍ച്ച് 15നകം ഡയറക്ടര്‍, സി മെറ്റ്, പാറ്റൂര്‍, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.simet.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2302400.

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ ആശുപത്രികളിലെ ഫാര്‍മസിസ്റ്റ് തസ്തികയിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എന്‍സിപി/സിസിപി കോഴ്‌സ് പാസായവര്‍ക്ക് ഫെബ്രുവരി 27ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04972711726.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്

ജില്ലയിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട്‌സ് സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തെരെഞ്ഞെടുക്കുന്നു. ഈ മേഖലയില്‍ മുന്‍പരിചയമുള്ള അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 22ന് വൈകിട്ട് മൂന്ന് മണിക്കകം കണ്ണൂര്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 04972767488

കണ്ണൂര്‍ പുഷ്‌പോത്സവത്തില്‍ ഇന്ന് (ഫെബ്രുവരി 16 വെള്ളി)

രാവിലെ 10 മണി- സെമിനാര്‍ -വിഷയം പുഷ്പകൃഷി-പരിചരണവും സംരക്ഷണവും ഉദ്ഘാടനം കെ വി സുമേഷ് എംഎല്‍എ

ഉച്ചക്ക് രണ്ടുമണി- പാചകമത്സരം 1) ഇടിച്ചക്ക വറവ്, 2) ഇലയട, 3)ബിണ്ട്യ

വൈകിട്ട് മൂന്ന് മണി- ഓലമെടയല്‍, കൊട്ടമെടയല്‍ മത്സരം(സ്ത്രീകള്‍ക്ക്)

വൈകിട്ട് 6.30ന്- നൃത്തസന്ധ്യ, സംഗീത കലാക്ഷേത്രം,കണ്ണൂര്‍

About The Author